മുംബൈ: ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ നടന് ഇര്ഫാന് ഖാന്(53) അന്തരിച്ചു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇര്ഫാന് അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു റിലീസ്. ‘അംഗ്രേസി മീഡിയം’ ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്നും അകന്നുനില്‍ക്കുകയായിരുന്നു ഇര്ഫാന് ഖാന്. ഈ ചിത്രത്തിനു ശേഷം പുതിയ സിനിമകളുടെയൊന്നും കരാറില്‍ ഒപ്പിട്ടിട്ടുമില്ല അദ്ദേഹം. ഭാര്യ സുതപ സിക്ദറിനും മക്കള്‍ ബാബിലിനും അയനുമൊപ്പം മുംബൈയിലായിരുന്നു താമസം.
ഏതാനും ദിവസം മുന്‍പാണ് ഇര്ഫാന് ഖാന്റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ആയിരുന്ന ഇര്ഫാന് മാതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജയ്പൂരില്‍ എത്താനായിരുന്നില്ല. മീര നായരുടെ ‘സലാം ബോംബെ’യിലൂടെ 1988ലാണ് ഇര്ഫാന് ഖാന്റെ സിനിമാ പ്രവേശം.ലോക സിനിമയ്ക്ക് ഇന്ത്യ സമ്മാനിച്ച അഭിനയ കരുത്തായിരുന്നു ഇര്ഫാന് ഖാന്. സ്ലംഡോഗ് മില്യണെയര്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകജനതയുടെ ശ്രദ്ധയാകര്‍ഷിച്ച അഭിനയ പ്രതിഭ.നായകനായി മാത്രമല്ല, വില്ലനായും, ഹാസ്യതാരമായുമെല്ലാം തിളങ്ങി.ബോളിവുഡില്‍ വീശിയടിച്ച മാറ്റത്തിന്റെ കാറ്റില്‍ ഇര്ഫാന് ഖാന് പ്രധാന പങ്കുമുണ്ട്.


