സ്വകാര്യ മാളില്‍ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളില്‍ പുതിയ സിനിമയുടെ പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി കുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ മാളില്‍ എത്തിയത്. പ്രമോഷന് കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. മറ്റൊരു നടി അക്രമി എന്ന് കരുതുന്നയാള്‍ക്കു നേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
നടിയുടെ പോസ്റ്റില്‍ നിന്നും….
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ളൃൗേെൃമലേറ ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിന്റെയൊക്കെ അസുഖം…
കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്മാര് അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.
സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
ഒരു വര്‍ഷം മുന്‍പ് മലയാളത്തിലെ മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളില്‍ വച്ച് ലൈംഗീക അതിക്രമം നേരിടേണ്ടി വന്നിരുന്നു. നടി ഇക്കാര്യം ഇന്‍സ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും അതിക്രമം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


