ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. നടൻ ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും പല സമയങ്ങളിൽ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിൻ്റെ ആരോപണത്തെ തുടർന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് രാജിവെക്കേണ്ടി വന്നു.
അതേസമയം താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.