സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലെ പ്രമുഖരിലേക്ക്. നടി ദീപിക പദുകോണിന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സമന്‍സ് നല്കി. സെപ്റ്റംബര്‍ 25 ന് മുന്‍പ് അന്വേഷണ സംഘം മുന്‍പാകെ ഹാജരാകണം. കൂടാതെ നടിമാരായ രാകുല്‍ പ്രീത്, സാറാ അലി ഖാന്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ക്കും സമന്‍സ് അയച്ചു.
ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപിക പദുക്കോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ആ ഫോണിലെ ചാറ്റില്‍ ദീപികയുടെ ടാലന്റ് മാനേജരായിരുന്ന കരീഷ്മയോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുളള ചില ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദീപികയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുളളത്.
കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുളളതിനാല്‍ ഹാജരാകാനുളള തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുംബൈ പരേലിലെ കോകോ എന്ന റസ്റ്റോറന്റിന്റെ പേരും ചാറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ പ്രമുഖരും സംശയത്തിന്റെ നിഴലിലാണ്.
നിലവില്‍ കരിഷ്മ പ്രകാശും, ക്വാന്‍ ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപോക്കറെയും കേന്ദ്രീകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം. ദീപിക കൂടാതെ നടിമാരായ രാകുല്‍ പ്രീത് സിംഗ്, സാറാ അലി ഖാന്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ക്കും എന്‍സിബി സമന്‍സ് അയച്ചു. സെപ്റ്റംബര്‍ 24 ന് ഹാജരാകണമെന്നാണ് രാകുല്‍ പ്രീതിന് നല്കിയ നിര്‍ദേശം.


