തിരുവനന്തപുരം: നടന് പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
മലയാള നാടക-സിനിമാ-ടെലിവിഷന്‍ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രന് നായര്‍. മാധവന് പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായി 1940ല്‍ പൂജപ്പുര ചെങ്കള്ളൂരിലാണ് ജനനം. എസ്.എല്‍.പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷന്‍ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും പ്രവര്‍ത്തിച്ചു.
വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പൂജപ്പുര രവി അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചലച്ചിത്രമാണ് ഗപ്പി. വിവിധ ഭാഷകളിലായി 125 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ വളരെ കാലമായി സിനിമാ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.


