കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ എഴുത്തുകാരന് ബെന്യാമിന്. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്- ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ തിയേറ്ററില്‍ പോയി കാണാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പത്രമാധ്യമങ്ങളില്‍ വന്ന പരസ്യമാണ് സിപിഎം അനുഭാവികളെ പ്രകോപിപ്പിച്ചത്. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം. സംസ്ഥാനത്തെ റോഡുകളിലെ കുഴികളെക്കുറിച്ച് വാദപ്രതിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ വന്ന പരസ്യം സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
വഴിയില്‍ കുഴിയുണ്ടെങ്കില്‍ ടെലിഗ്രാമില്‍ കാണാം, വഴിയില്‍ കുഴിയില്ലെങ്കില്‍ തിയറ്ററില്‍ വരാം, ടെലഗ്രാമില്‍ കുഴിയില്ലല്ലോ, ടെലഗ്രാമില്‍ വരുമ്പോ കണ്ടോളാം… തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം പരസ്യത്തിന്റെ പേരില്‍ സിനിമക്കെതിരെ നടക്കുന്ന സൈബറാക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്നും വിമര്‍ശനമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബറാക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. സൈബറാക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.