ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാലോകം. അഞ്ചു വര്‍ഷത്തെ അതിജീവന യാത്രയെക്കുറിച്ച് നടി സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതിനു പിന്നാലെയായിരുന്നു മലയാളത്തിലെ യുവതലമുറയിലുള്ള പ്രമുഖ നടീനടന്മാരെല്ലാം ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയത്.
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, സുപ്രിയ മേനോന്, അഞ്ജലി മേനോന്, ടൊവീനോ തോമസ്, മിയ, ഗീതു മോഹന്‍ദാസ് തുടങ്ങി വലിയ താരനിരയാണ് സമൂഹ മാധ്യമങ്ങളില്‍ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചത്. രമ്യ നമ്പീശന്, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്, മഡോണ, പൂര്‍ണിമ, സംയുക്ത മേനോന്, സയനോര, ദിവ്യപ്രഭ, അര്‍ച്ചന പദ്മിനി, ആര്യ തുടങ്ങിയവരെല്ലാം നടിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇരയാക്കപ്പെട്ടതില്‍ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് നടി കുറിച്ചു. ”അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്ന?ു; എനിക്കു വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.”-സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചു.
നീതിക്കുവേണ്ടിയുള്ള യാത്ര തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടരും. കൂടെ നില്ക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആക്രമണ സംഭവവുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകള്‍ക്കും നടന് ദിലീപിനെതിരായ പുതിയ കേസിനും പിന്നാലെയാണ് നടിയുടെ പ്രതികരണം. ഡിവൈഎസ്പി ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതരകുറ്റങ്ങളാണ് ദിലീപിനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. ബൈജു പൗലോസിനെ ലോറിയിടിച്ചു കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപും സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്.