നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാന്‍ ചില ഉന്നതര്‍ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. എന്നാല്‍ ആരോപണം തള്ളിയ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസില്ലാതെയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നടി ആരോപിക്കുകയും തുടര്‍ന്ന് ഹര്‍ജി നല്‍കുകയും ചെയ്തതോടെയായിരുന്നു, സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.


