ബ്രെയിന്‍ ട്യൂമറിനോട് പട പൊരുതിയ അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയായ ശരണ്യ മിനിസ്ക്രീന്‍ രംഗത്ത് മുന്‍നിര താരമായിരുന്നു. ഇടക്കാലത്ത് അസുഖ ബാധിതയായ ശേഷവും യൂട്യൂബ് വിഡിയോകളിലൂടെ സജീവമായിരുന്നു.
അര്‍ബുദ ബാധയെ തുടര്‍ന്ന് 11 തവണ ശരണ്യ സര്‍ജറിക്ക് വിധേയായിരുന്നു. തുടര്‍ ചികിത്സയ്ക്ക് തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കൊവിഡ് ബാധിച്ചു. കൊവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഇതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയില്‍ നിന്ന് മുക്തയായ ശരണ്യ നീട്ടില് തിരിച്ചെത്തി. പിന്നീട് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. നിരവധി തവണ അര്‍ബുദത്തെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു.
രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.
ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.


