മുംബൈ: സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായതായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ പരാതി നല്കി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. മൊബൈലില്‍ ഫോണില്‍ വന്ന എസ് എം എസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്.
ബാങ്കുകള്‍ അയച്ചതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവെച്ചില്ലെന്നും താരം പറഞ്ഞു. ‘എനിക്ക് ഒന്നിലധികം ഒടിപികള്‍ ലഭിച്ചു, ഭാഗ്യവശാല്‍, എനിക്ക് വലിയ തുക നഷ്ടമായില്ല’ എന്നും നഗ്മ മാധ്യമങ്ങളെ അറിയിച്ചു.
നഗ്മയെ കൂടാതെ അവതാരക ശ്വേതാ മേമന് ഉള്‍പ്പടെ 80-ഓളം പേരാണ് കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്കിടയില്‍ തട്ടിപ്പിനിരയായത്. ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.