ജയസൂര്യക്കെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ ഷൂട്ടിങ്ങിനിടെ നടനെ ജയസൂര്യ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. തൊടുപുഴ പോലീസിൻ്റെ നേതൃത്വത്തിലാണ് പരിശോധന.
കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു.
2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്ഐആർ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.


