കൊച്ചി: സിനിമാ നിര്‍മ്മാണത്തിന് യുവതിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ നിര്‍മ്മാതാവ് പിടിയില്‍. മലപ്പുറം കീഴുപ്പറമ്പ് മണ്ണിത്തൊടി വീട്ടില്‍ എം.കെ ഷക്കീറാണ് അറസ്റ്റിലായത്. സിനിമയില്‍ തൃക്കാക്കര സ്വദേശിയായ യുവതിയെ നായികയായി തീരുമാനിച്ചിരുന്നു. പിന്നീട് തുക കുറവ് മൂലം ഷൂട്ടിംഗ് മുടങ്ങുമെന്ന് ധരിപ്പിച്ച് തിരിച്ച് കൊടുക്കാമെന്ന ഉറപ്പില്‍ 27 ലക്ഷം രൂപ പ്രതി കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ലൈംഗികചുവയുള്ള മെസേജുകള്‍ അയച്ച് മോശമായി പെരുമാറിയെന്നും പരാതിയില്‍ യുവതി പറയുന്നു. ഇതോടെ പ്രതി മുങ്ങി, തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. അതിനിടയിലാണ് ബഷീര്‍ കോഴിക്കോട് ടൗണില്‍ എത്തിയതായി വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് അവിടെത്തി പൊലീസ് പിടികൂടുകയായിരുന്നു. പാലാരിവട്ടം പൊലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.