ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നയാളാകണം വിജയിയെന്നു ചൂണ്ടിക്കാട്ടി നടൻ രമേഷ് പിഷാരടി ‘അമ്മ’ നേതൃത്വത്തിനു കത്തു നൽകി.വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയി. അതാണ് ജനാധിപത്യവ്യവസ്ഥ.അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും പിഷാരടി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതു പരിഹാരം ആവശ്യമുള്ള സാങ്കേതികപ്രശ്നമാണെന്നും സ്ത്രീസംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവുമായ ഭരണഘടനാഭേദഗതി വേണമെന്നും പിഷാരടി ആവശ്യപ്പെട്ടു. താൻ മാറി നിൽക്കേണ്ടി വന്ന സാഹചര്യം മനസ്സിലാക്കാതെ മാധ്യമങ്ങളിൽ താൻ പരാജയപ്പെട്ടു എന്ന രീതിയിൽ വാർത്ത വന്നതു തിരഞ്ഞെടുപ്പിനു ശേഷം ‘അമ്മ’ പുറത്തുവിട്ട പത്രക്കുറിപ്പിൽ കാര്യങ്ങൾ യഥാവിധി വ്യക്തമാക്കാത്തതിനാലാണ്–പിഷാരടി പറഞ്ഞു.


