സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളിലും ശിശു പീഡനങ്ങളിലും ഒട്ടു മിക്കവയും നടക്കുന്നത് കുടുംബങ്ങൾക്കുള്ളിലാണ്. പ്രണയവും പങ്കാളിത്തവും അന്യമായ ദാമ്പത്യങ്ങൾ കൊലയറയായി മാറുന്നത് നാം കാണുന്നുണ്ട്. ഇന്നത്തെ കുടുംബം മുന്നോട്ട് വെക്കുന്ന മൂല്യവ്യവസ്ഥ പുരുഷകേന്ദ്രീകൃതവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നത് ഒരു വസ്തുതയാണ്.
ഇന്നത്തെ കുടുംബങ്ങളുടെ അടിസ്ഥാന മൂല്യ വ്യവസ്ഥയെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടും ഗാർഹികാന്തരീക്ഷത്തെ കൂടുതൽ ജനാധിപത്യ വത്ക്കരിച്ചുകൊണ്ടും മാത്രമേ ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമുക്ക് ഇനി മുന്നോട്ട് പോകാൻ കഴിയൂ.
രൂപം കൊണ്ട നാൾ മുതൽ എല്ലാ കാലവും സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ പുരോഗമനാത്മക ഇടപെടൽ നടത്തി വരുന്ന സ്പാറ്റൊ, നമ്മുടെ കുടുംബങ്ങളെ ജനാധിപത്യ വത്ക്കരിക്കാനും സമൂഹത്തിൽ തുല്യ നീതി ഉറപ്പാക്കാനുമുള്ള പോരാട്ടത്തിൽ, സംസ്ഥാനത്തെ മറ്റു പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം അണി ചേരുകയാണ്.