ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇളവ് അനുവദിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ധനമന്ത്രി അരുണ്‍ ജെറ്റലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും കുറച്ചിട്ടുണ്ട്. നഗരമേഖലയില്‍ 60 ചതുരശ്ര മീറ്റര്‍ വരെയും നഗരത്തിന് പുറത്ത് 90 ചതുരശ്രമീറ്റര്‍ വരെയും വിസ്തീര്‍ണമുള്ള വീടുകളാണ് ചിലവ് കുറഞ്ഞ വീടുകളുടെ പരിധിയില്‍ വരിക. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ധനമന്ത്രി അരുണ്‍ ജെറ്റ്ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്.