ഐടി രംഗത്തെ അതിവേഗ വളര്‍ച്ചയില്‍ ഇനി മൂവാറ്റുപുഴയും ഇടംപിടിക്കും. ആരോഗ്യ ചികിത്സാരംഗത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനികളിലോന്നായ സേഫ്കെയര്‍ ടെക്നോളജീസിന്റെ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഓഫീസ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങും. വണ്‍വേ ജംങ്ഷനില്‍ ആധുനീക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരത്തിലാണ് കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുക എന്ന് എം.ഡി. ഒമര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തും പുറത്തുമായി സേഫ്കെയറില് ആയിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്ത് വരുന്നു.
കര്‍ഷക കുടുംബത്തില്‍ പിറന്ന മൂവാറ്റുപുഴ ആസാദ് റോഡ് ചെറുകപ്പളളിയില് ഒമര്‍ അലി 2012 ലാണ് സേഫ്കെയറിന് രൂപം നല്‍കിയത്. തദ്ദേശ വാസികളായ വിദ്യാസമ്പന്നര്‍ക്ക് കൂടി പ്രയോജനം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജില്ലാ ആസ്ഥാനത്തിന് പുറത്ത് കോര്‍പ്പറേറ്റ് ഓഫീസ് തുറക്കുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം സിനിമോള്‍ പറഞ്ഞു.
കടന്ന് വരുന്നത് സോഫ്റ്റ് വെയര്‍ യുഗമാണ്. മനുഷ്യന് മറവി സംഭവിക്കാം. എന്നാല്‍ കമ്പ്യൂട്ടറിന് അതുണ്ടാവില്ല. അനുദിനം സോഫ്റ്റ് വെയറുകളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. അക്കൗണ്ടിംങ്, മെഡിക്കല്‍ കോഡിങ് അടക്കം നിരവധി സേവനങ്ങള്‍ നല്കുന്ന കോര്‍ട്ടക്സ് സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കളാണ് സേഫ്കെയറെന്ന് മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.ഒ. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി. ഇന്ഷുറന് മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതയുളള മെഡിക്കല്‍ കോഡിങ്ങില്‍ പന്ത്രണ്ടാം തരം പാസായവര്‍ക്ക് മൂന്ന് മാസം മാത്രം ദൈര്‍ഘ്യം വരുന്ന പരിശീലനവും സേഫ്കെയര്‍ നല്കി വരുന്നതായി അദ്ധേഹം വ്യക്തമാക്കി.
ടെമ്പറേച്ചര്‍ ട്രാക്കിങ്, ഇന്‍ഷുറന്‍സ് ട്രാക്കിങ്ങ് തുടങ്ങി ആരോഗ്യ മേഖലക്ക് ആവശ്യമായ നിരവധി സോഫ്റ്റ് വെയറുകള്‍ കമ്പനി വികസിപ്പിച്ച് വരുന്നു. സംസ്ഥാനത്ത് അടക്കം നിരവധി മുന്‍ നിര ആശുപത്രികള്‍ ഈ രംഗത്ത് സേഫ്കെയറിന്റെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. യു.എ.ഇ. ആസ്ഥാനമായി ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഇന്‍ഡസ്ട്രി, മെഡിക്കല്‍ സപ്ലൈ, ഡ്രഗ് സ്റ്റോര്‍, മെഡിക്കല്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങിയ കമ്പനി സേഫ്കെയര്‍ ടെക്നോളജീസിന്റെ സഹോദര സ്ഥാപനമാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സേഫ്കെയര്‍ ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ. മാരായ മാത്യു കുഴല്നാടന്, ആന്റണി ജോണ്‍, മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ്, സപ്ലൈകോ ഡയറക്ടര്‍ അഡ്വ. പി.എം. ഇസ്മയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സി.ഒ. മക്കാര്‍, മുഹമ്മദ് ജെസി, ഡോ. സി.ഒ. മുഹദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.