ജിഎസ്ടി നടപ്പാക്കിയത് മൂലമുണ്ടായ നഷ്ടം നികത്താന്‍ വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അനുമതി തേടി. മൂന്ന് ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ ആകെ വരുമാന നഷ്ടം. 65,000 കോടി രൂപ സെസായി ലഭിച്ചു. അവശേഷിക്കുന്നത് 2.35 ലക്ഷം കോടി. ഇതില്‍ ഒരുലക്ഷത്തി പതിനായിരം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്ത് നല്‍കുക. ജിഎസ്ടി നടപ്പാക്കിയതുമൂലമുണ്ടായ നഷ്ടം ഇതാണെന്നും ബാക്കി കോവിഡ് മൂലമുണ്ടായ വരുമാന നഷ്ടമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.
നഷ്ടപരിഹാരത്തെച്ചൊല്ലി കേരളമടക്കം സംസ്ഥാനങ്ങളുമായുണ്ടായ തര്‍ക്കം ഇതോടെ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. വായ്പയെടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മിയെ ബാധിക്കില്ല. വായ്പ സംസ്ഥാനങ്ങളുടെ മൂലധന ബാധ്യതയായും ധനക്കമ്മി നികത്താനുള്ള സഹായമായും കണക്കാക്കും. വരുമാന നഷ്ടത്തിലെ ബാക്കി തുക വിപണിയില്‍ നിന്ന് വായ്പയെടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.
സംസ്ഥാനങ്ങള്‍ വായ്പയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുക്കില്ലെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രാലയം നേരത്തെ സ്വീകരിച്ച സമീപനം. ഇതില്‍ നിന്ന് വിട്ടുവീഴ്ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. നഷ്ടപരിഹാരം നികത്താനുള്ള വകയില്‍ കൂടുതല്‍ തുക കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കുമാണ് ലഭിക്കുക. കേരളത്തിന് 5,766 കോടി രൂപയാണ് ലഭിക്കേണ്ടത്.


