ബാങ്ക്വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ പലിശ ഒഴിവാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കോടതി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
രണ്ട് കോടി രൂപവരെയുള്ള ഭവന, വാഹന, ചെറുകിട സംരഭ വായ്പകള്‍ക്കും ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവിനുമുള്ള കൂട്ടുപലിശ ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ റിയല്‍ എസ്റേറ്റ്, ഊര്‍ജ്ജം, നിര്‍മാണം, ടെക്സ്റ്റൈല്‍, ടൂറിസം തുടങ്ങിയ 26 മേഖലകളിലെ വന്‍കിട വായ്പകളുടെ കാര്യത്തിലുള്ള തീരുമാനം എന്താണ് എന്നാണ് സത്യവാങ്മൂലം പരിഗണിച്ച സുപ്രീംകോടതിയുടെ ചോദ്യം. ഈ മേഖലകളിലെ വായ്പ പുനക്രമീകരണം പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പോലും കോടതിയില്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ ഉള്ളതാണെന്നും ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അതുസബംന്ധിച്ച ഒരു ഉത്തരവും റിസര്‍വ്വ് ബാങ്കോ, കേന്ദ്ര സര്‍ക്കാരോ പുറപ്പെടുവിച്ചിട്ടില്ല. എപ്പോഴാണ് ഇവ ചെയ്യുക. തീരുമാനമങ്ങള്‍ അനന്തമായി നീണ്ട് പോവുകയാണെന്നും കോടതി വിമര്‍ശിച്ചു.
തുടര്‍ന്നാണ് ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തി ഒരാഴ്ചയ്ക്കകം അധികസത്യവാങ്മൂലം നല്കാന് കോടതി ഉത്തരവിട്ടത്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കുന്നതിന് ഹര്‍ജിക്കാര്‍ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചു. ഹര്‍ജികള്‍ ഈ മാസം 13ന് വീണ്ടും പരിഗണിക്കും