മകന് ആകാശ് അംബാനിയെ റിയലന്‍സ് ജിയോ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം മുകേഷ് അംബാനി മകള്‍ ഇഷയെ റീട്ടെയില്‍ ഗ്രൂപ്പിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. റിലയന്‍സില്‍ തലമുറമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇതോടെ മുകേഷ് നേരിട്ട് നടത്തിയിരിക്കുന്നത്. പെട്ടെന്നൊരു ദിവസം കമ്പനിയുടെ തലപ്പത്ത് പിടിച്ചിരുത്തിയ ആളല്ല ഇഷ. 16-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശതകോടീശ്വര പിന്മുറാവകാശിയായതു തൊട്ട് ജിയോ, അജിയോ വിപ്ലവങ്ങളുടെ ആസൂത്രകയായും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ റിലയന്‍സ് സാമ്രാജ്യത്തില്‍ സജീവയാണ് ഇഷ.
1991 ഒക്ടോബറിലാണ് മുകേഷ്- നിതാ അംബാനി ദമ്പതികളുടെ ഇരട്ട മക്കളായി ആകാശിനൊപ്പം ഇഷയുടെ ജനനം. ദമ്പതികളുടെ ഏക മകളാണ് ഇഷ. മുംബൈയിലെ സ്വന്തം സ്ഥാപനമായ ധിരുഭായി അംബാനി ഇന്റര്‍നാഷനല്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂള്‍ പഠനത്തിനു ശേഷം നേരെ പറന്നത് അമേരിക്കയിലേക്ക്.
യു.എസിലെ യേല്‍ സര്‍വകലാശാലയില്‍ നിന്ന് മനശ്ശാസ്ത്രത്തിലും ദക്ഷിണേഷ്യന്‍ പഠനത്തിലും ബിരുദം നേടി. സ്റ്റാന്‍ഫോഡ് ഗ്വാജ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എയും സ്വന്തമാക്കി. പഠനത്തിനു തൊട്ടുപിന്നാലെ യു.എസില്‍ തന്നെ കരിയറിനു തുടക്കമിട്ടു. മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ അസോസിയേറ്റായിരുന്നു തുടക്കം. മക്കിന്‍സിയില്‍ അധികകാലമുണ്ടായിരുന്നില്ല. നാട്ടിലെ സ്വന്തം കമ്പനിയുടെ ദൈനംദിന കാര്യങ്ങളുടെ ഭാഗമാകാന്‍ പിതാവ് നാട്ടിലേക്ക് തിരിച്ചു വിളിച്ചു.
നാട്ടില്‍ വന്ന് റിലയന്‍സ് ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായി. ആസൂത്രണത്തിലും ദൈനംദിന കാര്യങ്ങളിലും ഇടപെട്ട് ചെറിയ പ്രായത്തില്‍ തന്നെ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. വെറും 16-ാം വയസില്‍ ഫോബ്സിന്റെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വര അനന്തരാവാകാശിയായതോടെയാണ് ഇഷ പൊതുശ്രദ്ധയിലേക്ക് കടന്നു വരുന്നത്. 471 കോടി രൂപയായിരുന്നു 2008ല്‍ ഇഷയുടെ ആസ്തി.
ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന സംഘത്തിന്റെ ഭാഗമായായിരുന്നു റിലയന്‍സില്‍ ഇഷയുടെ തുടക്കം. പരമ്പരാഗത വ്യവസായങ്ങളില്‍ നിന്നു മാറി ഡിജിറ്റല്‍, റീട്ടെയില്‍ അടക്കമുള്ള പുതിയ വ്യവസായങ്ങളിലായിരുന്നു ആലോചന മുഴുവന്‍. പദ്ധതി ആസൂത്രണങ്ങളുടെയും പ്രായോഗികവല്ക്കരണത്തിന്റെയുമെല്ലാം ഭാഗമായി. റിലയന്‍സ് റീട്ടെയില്‍ സംരംഭങ്ങളോടാണ് ഏറ്റവും അടുത്തു പ്രവര്‍ത്തിച്ചത്.
ഇന്ത്യന്‍ ടെലക്കോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോക്കു പിന്നിലുള്ള പ്രധാന ശക്തി ഇഷയായിരുന്നുവെന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഇഷയും ആകാശും ചേര്‍ന്ന് വര്‍ഷങ്ങളെടുത്ത് നടത്തിയ ആസൂത്രണത്തിന്റെ കൂടി പ്രയോഗവല്‍ക്കരണമായിരുന്നു റിലയന്‍സ് ജിയോ. സമ്പൂര്‍ണമായി സജ്ജമാകുന്നതിനു മുന്‍പ് 2015 ഡിസംബറില്‍ ഇഷയും ആകാശും ചേര്‍ന്നാണ് റിലയന്‍സ് ബ്രാന്‍ഡ് അംബാസഡര്‍ ഷാറൂഖ് ഖാന്, എ.ആര് റഹ്മാന് അടക്കമുള്ള വിശിഷ്ടാതിഥികള്‍ക്കും ജീവനക്കാര്‍ക്കും മുന്പില് ആദ്യമായി ജിയോ എന്ന കമ്പനിയുടെ പുതിയ സംരംഭം അവതരിപ്പിച്ചത്.
2016ല്‍ ഓണ്‍ലൈന്‍ ഫാഷന്‍ റിട്ടെയില്‍ രംഗത്തേക്കും റിലയന്‍സ് ചുവടുവച്ചു. അജിയോ ആയിരുന്നു ഇത്തവണ അവതരിപ്പിച്ചത്. അജിയോ എന്ന ആശയം ഇഷയുടേതായിരുന്നുവെന്ന കാര്യവും അധികമാര്‍ക്കും അറിയാത്തതാണ്.
പിരാമള്‍ ഗ്രൂപ്പിന്റെ മരുമകള്‍:
2018ലായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ വിവാഹമാമാങ്കത്തിനു മുംബൈ സാക്ഷിയായത്. ബാല്യകാല സുഹൃത്തായ ആനന്ദുമായുള്ള ഇഷയുടെ വിവാഹം ആ വര്‍ഷം അവസാനത്തില്‍ പൊടിപൊടിച്ചു നടന്നു. പിരാമള്‍ ഗ്രൂപ്പ് ഉടമകളായ അജയ്- സ്വാതി പിരാമള്‍ ദമ്പതികളുടെ മകനായ ആനന്ദുമായി ചെറിയ പ്രായം തൊട്ടേ പരിചയുമുണ്ട് ഇഷയ്ക്ക്. എന്നാല്‍, 2016ലാണ് ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുന്നത്.
2018 ഡിസംബറില്‍ മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലെ ജിയോ വേള്‍ഡ് ഗാര്‍ഡനായിരുന്നു ഒരാഴ്ച നീണ്ട വിവാഹമാമാങ്കത്തിനു വേദിയായത്. ചലച്ചിത്ര, കായിക ലോകത്തെ താരനിരയും ബിസിനസ്, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരുമെല്ലാം ചടങ്ങില്‍ സംബന്ധിച്ചു.
മുബൈയിലെ കൊട്ടാരം:
മുംബൈയില്‍ 52 കോടിയുടെ അത്യാഡംബര കൊട്ടാരം സ്വന്തമായുണ്ട് ഇഷയ്ക്ക്. വിവാഹ സമ്മാനമായി പിരാമള്‍ ദമ്പതികള്‍ മരുമകള്‍ക്കു സമ്മാനിച്ചതായിരുന്നു അത്. റിലയന്‍സ് ബിസിനസിന്റെ ഭാഗമായതോടെയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വര പട്ടികയില്‍ ഇഷ ഇടം പിടിക്കുന്നത്. നിവലില്‍ 100 മില്യന്‍ യു.എസ് ഡോളറാണ് (ഏകദേശം 799 കോടി രൂപ) ഇഷയുടെ ആസ്തി.


