പെരുമ്പാവൂര്‍ : രാജ്യത്തെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ നയിക്കുന്ന സമരങ്ങള്‍ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് കെ. മുരളീധരന് എം.പി. വിജയം കാണുന്നത് വരെ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങള്‍ തെരുവുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമം, ദേശിയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നയിച്ച ഭരണഘടന സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം തണ്ടേക്കാട് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചു. പുലവാമയില്‍ ഇന്ത്യന്‍ ഭടന്മാര് കൊല്ലപ്പെട്ട സംഭവം പാക്കിസ്ഥാനുമായുള്ള അന്തര്നാടകമായിരുന്നു. മുഴുവന്‍ നിയമാസഭംഗങ്ങളും ഒരുമിച്ചു ചേര്‍ന്ന് പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള നിയമസഭാ പ്രമേയത്തെ ക്രിമിനല്‍ നടപടി എന്ന് സൂചിപ്പിച്ച ഗവര്‍ണ്ണര്‍ ബി.ജെ.പി പ്രസിഡന്റിന്റെ ജോലിയാണ് ചെയ്യുന്നതെന്നും മുരളീധരന് ആരോപിച്ചു. സര് സി.പിയുടെ അവസ്ഥ ഗവര്‍ണ്ണര്‍ക്ക് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമം മുസ്ലിം ജനസമൂഹത്തിന് നേരെയുള്ളതല്ലെന്നും ഹൈന്ദവനായ താന്‍ പോലും ഇന്ത്യന്‍ പൗരന് അല്ലാതാകുന്ന സ്ഥിതിവിശേഷം അതിലുണ്ടന്നും ജീവനുള്ള കാലത്തോളം രാജ്യത്തിന്റെ മണ്ണില്‍ നിന്ന് പുറത്താക്കാന്‍ സമ്മതിക്കില്ലന്നും ഇവിടെ ജനിച്ചവര്‍ ഇവിടെ തന്നെ ജീവിച്ചു മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി അബ്ദുല്‍ ഖാദര്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭ സ്പീക്കര്‍ പി.പി.തങ്കച്ചന്, ബെന്നി ബെഹനാന് എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ടി.എം സക്കീര്‍ ഹുസൈന്, ഡോ. മാത്യു കുഴല്നാടന്, എം.എം അവറാന്, ഒ.ദേവസി, കെ.എം.എ സലാം, ഡാനിയേല്‍ മാസ്റ്റര്‍, മനോജ് മൂത്തേടന്, വി.എം ഹംസ, തോമസ് പി. കുരുവിള, ബേസില്‍ പോള്‍, ബാബു ജോണ്‍, കെ.പി വര്‍ഗീസ്, എം.യു ഇബ്രാഹിം, സി.എ സുബൈര്‍, വി.എച്ച്. മുഹമ്മദ്, പി.എ മുഖ്താര്‍, എം.എം അഷ്റഫ് തണ്ടേക്കാട് ജമാ അത്ത് ഇമാം ഷെഫീഖ് കാസിമി തുടങ്ങിയവര്‍ സംസാരിച്ചു.
അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഓടക്കാലിയില്‍ നിന്നും ആരംഭിച്ച യാത്ര 13 കിലോമീറ്റര്‍ താണ്ടിയാണ് വെങ്ങോല ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് സമാപിച്ചത്. ഓടക്കാലിയില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന് പതാക കൈമാറിയാണ് യാത്ര ആരംഭിച്ചത്. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.എം സക്കീര്‍ ഹുസൈന്, വിവിധ കക്ഷി നേതാക്കളായ ഒ. ദേവസി, എം.പി അബ്ദുല്‍ ഖാദര്‍, ബാബു ജോസഫ്, ജോര്‍ജ്ജ് കിഴക്കുമശ്ശേരി, എം.എം അവറാന്, കെ.എം.എ സലാം, ഡാനിയേല്‍ മാസ്റ്റര്‍, മനോജ് മൂത്തേടന്, തോമസ് പി. കുരുവിള, പോള്‍ ഉതുപ്പ്, ബേസില്‍ പോള്‍, വി.എം ഹംസ, എം.യു ഇബ്രാഹിം, കെ.പി വര്‍ഗീസ്, ബാബു ജോണ്‍, എസ്. ഷറഫ്, സി.കെ സുബൈര്‍, തോമസ് കെ. ജോര്‍ജ്ജ്, ജോയി ജോസഫ്, ബിന്ദു ഗോപാലകൃഷ്ണന്, ജാന്‍സി ജോര്‍ജ്, പി.പി അവറാച്ചന് എന്നിവര്‍ പ്രസംഗിച്ചു.