ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോൾ യോഗയ്ക്കുള്ള പ്രാധാന്യം വര്‍ധിക്കുകയാണെന്നും യോഗ ജനങ്ങൾക്ക് ഉള്‍ക്കരുത്ത് പകര്‍ന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുപരിപാടികൾ ഒന്നും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് മഹാമാരി ലോകത്ത് പിടിപെട്ടപ്പോൾ ഒരു രാജ്യവും അതിനെ നേരിടാന്‍ സജ്ജമായിരുന്നില്ല. എന്നാൽ കോവിഡ് മഹാമാരിക്ക് എതിരെ ഇപ്പോൾ ലോകം മുഴുവന്‍ പോരാടുമ്പോൾ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സയ്ക്ക് പുറമെ ശാരീരിക സൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രവും മുന്‍ഗണന കൊടുക്കുന്നത്. “സൗഖ്യത്തിനായി യോഗ’ ഇതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യവാന്മാരായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഡോക്ടര്‍മാര്‍ പോലും രോഗികളെ ചികിത്സിക്കാനുള്ള ആയുധമാക്കി യോഗയെ ഉപയോഗിക്കുകയാണ്. യോഗ ശ്വസനസംവിധാനത്തെ ശക്തിപ്പെടുത്തുന്നതായി അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി യോഗയുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.


