ഇത്തവണത്തെ ലോക തപാല്‍ദിനത്തില്‍ ശ്രദ്ധേയമാകുന്നത് കോവിഡ് രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി ഇറങ്ങിയ തപാല്‍ മുദ്രകളാണ്. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതാനുള്ള സന്ദേശവുമായി ലോകത്ത് ആദ്യ തപാല്‍ മുദ്രകള്‍ പുറത്തിറങ്ങിയിട്ട് ഏറെ നാളായിട്ടില്ല. ഇതിനോടകം ഇതില്‍ ആദ്യം പുറത്തിറങ്ങിയ മൂന്ന് സ്റ്റാമ്പുകളും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പി.ആര്.ഒ. ആന്റ് മീഡിയ റിലേഷന്‍സ് ഓഫീസര്‍ ഷൈജു കുടിയിരിപ്പിലിന്റെ വൈദ്യശാസ്ത്ര സംബന്ധമായ (തീമാറ്റിക് സ്റ്റാമ്പ് കളക്ഷന്‍) സ്റ്റാമ്പ് ശേഖരണത്തില്‍ ഇടംപിടിച്ചു.
കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതാം എന്ന സന്ദേശവുമായി രണ്ട് സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു ബ്ലോക്കായാണ് 2020 മാര്‍ച്ച് 31ന് വിയറ്റ്നാം ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത്. ഇതില്‍ ഒരു സ്റ്റാമ്പില്‍ കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന പോലീസിനേയും ആരോഗ്യപ്രവര്‍ത്തകരേയും സൈന്യത്തേയും ചിത്രീകരിക്കുന്നു. രണ്ടാമത്തെ സ്റ്റാമ്പില്‍ ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തില്‍ മുഴുകുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. 4,000, 15,000 വിയറ്റ്നാം ഡോങ് വിലവരുന്നവയാണ് ഈ സ്റ്റാമ്പുകള്‍.
സോളിഡാരിറ്റി കോവിഡ് 19 എന്ന പേരില്‍ ഈ വിഷയത്തിലെ രണ്ടാമത്തെ സ്റ്റാമ്പ് 2020 മെയ് മൂന്നിന് യൂറോപ്യന്‍ രാജ്യമായ മോണോക്ക പുറത്തിറക്കി. കയ്യിലേന്തിയ ഭൂഗോളത്തിന്റെ ചിത്രത്തിനൊപ്പം ക്ഷമ, ആത്മവിശ്വാസം, ധൈര്യം, നിശ്ചയദാര്‍ഢ്യം എന്നീ വാക്കുകളെഴുതി ഭരണാധികാരിയായ പ്രിന്‍സ് ആല്‍ബര്‍ട്ട് രണ്ടാമന് രാജാവിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പാണ് മോണോക്ക പുറത്തിറക്കിയിരിക്കുന്നത്. 1.16 യൂറോയാണ് ഒരു സ്റ്റാമ്പിന്റെ വില.
പകര്‍ച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പൊരുതാം എന്ന സന്ദേശമുള്ള സ്റ്റാമ്പ് മിനിയേച്ചര്‍ ഷീറ്റാണ് പുറത്തിറക്കിയിരിക്കുന്നത് ചൈനയോടു ചേര്‍ന്നുള്ള മക്കാവു എന്ന സ്വയംഭരണ പ്രദേശമാണ്. സ്റ്റാമ്പില്‍ മക്കാവു ചൈന എന്നെഴുതിയത് കാണാം. ജൂണ്‍ 24-നാണ് ഈ സ്റ്റാമ്പ് പുറത്തിറങ്ങുന്നത്. പി.പി.ഇ. കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന സ്റ്റാമ്പിന് പുറമെ കോവിഡ് ആശുപത്രിയും ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകരും ഗവേഷകരും എല്ലാം മിനിയേച്ചര്‍ ഷീറ്റില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മിനിയേച്ചര്‍ ഷീറ്റിനുള്ളിലും ഒരു സ്റ്റാമ്പുണ്ട് കോവിഡ് ബാധിതരെ ഹൃദയപൂര്‍വ്വം പരിചരിക്കുക എന്ന സന്ദേശം പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. മേല്‍സൂചിപ്പിച്ച മൂന്ന് കോവിഡ് സ്പെഷ്യല്‍ സ്റ്റാമ്പുകളും ഷൈജുവിന്റെ ശേഖരത്തിലുണ്ട്. കോവിഡിന് പുറമേ ജലദോഷം മുതല്‍ എയ്ഡ്സ് വരെയുള്ള വിവിധ വൈറസ് രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ആയിരത്തോളം തപാല്‍ മുദ്രകളാണ് ഷൈജുവിന്റെ വൈദ്യശാസ്ത്രസംബന്ധമായ തപാല്‍ ശേഖരത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
ജനറല്‍ മെഡിസിന് മുതല്‍ റേഡിയോളജി വരെയുള്ള മിക്ക ചികിത്സാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്റ്റാമ്പുകള്‍ ഇതിലുണ്ട്. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ മകള്‍ അന്‍സാ മരിയയുടെ സഹായവും ഷൈജുവിന്റെ മെഡിക്കല്ഫിലാറ്റലി ഹോബിക്ക് പിന്തുണയേകുന്നു. ഇന്ത്യയിലെ പ്രമുഖ ഫിലാറ്റലിക് ക്ലബുകളില്‍ അംഗത്വമുള്ള ഷൈജുവിന് കല്‍ക്കട്ട ഫിലാറ്റലിക് സൊസൈറ്റിയിലെ സുഹൃത്ത് വഴിയാണ് കോവിഡ് സ്റ്റാമ്പുകള്‍ കിട്ടിയത്. ലോകത്ത് ഏറ്റവുമധികം തപാല്‍ മുദ്രകള്‍ക്ക് വിഷയമായിട്ടുള്ള വൈറസ് രോഗം എയ്ഡ്സ് ആണെങ്കിലും കോവിഡ് -19 എയ്ഡ്സിനേയും ഇക്കാര്യത്തില്‍ മറികടക്കുമെന്നാണ് ഷൈജുവിന്റെ വിലയിരുത്തല്‍.