ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമേകി അത്തം പിറന്നു. മഹാമാരിക്കിടയിലാണ് ഈ വർഷവും ഓണമെത്തുന്നത്. എന്നാലും പുതുപ്രതീക്ഷകളോടെയാണ് മലയാളികൾ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. വീടുകൾക്ക് മുന്നിൽ ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങും. അത്തം പിറന്ന് പത്താം നാളാണ് തിരുവോണം. തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവ കൊടിയേറ്റവും ഇന്ന് നടക്കും.
ഇത്തവണത്തെ അത്തത്തിനും പ്രത്യേകതയുണ്ട്. ഇത്തവണ 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നു പോകുന്നുണ്ട്. ഇന്ന് സൂര്യോദയം മുതൽ അൽപനേരം ഉത്രം നക്ഷത്രമായിരിക്കും രാവിലെ 8.54ന് ശേഷമാണ് അത്തം തുടങ്ങുക. ഇത്തവണ ചിങ്ങം പിറക്കാൻ അഞ്ചു നാൾ ബാക്കി നിൽക്കെ കർക്കടകത്തിലാണ് അത്തം എത്തുന്നത്. ഓഗസ്റ്റ് 17നാണ് ചിങ്ങ പിറവി.
ഓണദോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമാണുള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പുണിത്തറയിലും അത്തം ഘോഷയാത്രയില്ല. പ്രളയവും കൊവിഡും കാരണം നാലു വർഷമായി തൃപ്പുണിത്തറ അത്തച്ചമയ ഘോഷയാത്ര ചടങ്ങായി മാത്രമാണ് നടത്തുന്നത്. ഇത്തവണയും ചടങ്ങുകളിൽ ഒതുങ്ങും.


