മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ഭാഗവത സപ്താഹ യജ്ഞത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. നാടിന്റെ നന്മയ്ക്കും ഭക്തജനങ്ങളില്‍ ആത്മീയ ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് ഏഴ് ദിവസം നീണ്ട് നില്ക്കുന്ന യജ്ഞം സംഘടിപ്പിച്ചിരിക്കുന്നതെന്ന് വെള്ളൂര്‍കുന്നം മഹാദേവ ടെബിള്‍ ട്രസ്റ്റ് സപ്താഹ യജ്ഞ സമിതി ചെയര്മാന് കിഷോര്‍ ബി.ബി, ജനറല്‍ കണ്‍വീനര്‍ വി.കൃഷ്ണസ്വാമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വേദിയാണ് യജ്ഞത്തിനായി ഒരുക്കുക. 15000-ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തല്‍, 8000-ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭക്ഷണ ശാല എന്നിവയും ഒരുക്കും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യത്തിന് പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രവും ഉണ്ടാകും. ശുചിത്വ-സുരക്ഷ-ആരോഗ്യ സംവിധാനങ്ങളും സജ്ജമാക്കും. പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാകും സപ്താഹ യജ്ഞം സംഘടിപ്പിക്കുകയെന്നും ഇവര്‍ പറഞ്ഞു. ചൈതന്യാമൃതം കേള്‍ക്കാനെത്തുന്ന ഭക്തജനങ്ങളില്‍ സ്വാമി ഉദിത് ചൈതന്യ പകരുന്ന ആത്മീയ ജ്ഞാനം മനസിനും ശരീരത്തിനും പൊതു സമൂഹത്തിനും നാടിനും ഗുണകരമായി തീരുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.
ഭാഗവതാദ്ധ്യായങ്ങള് വിശദീകരിച്ച് ജീവിത പ്രശ്നങ്ങളെ സൗമ്യമായി നിര്‍ഭയമായും നേരിടാന്‍ ആളുകളെ പ്രാപ്തരാക്കുന്ന ആചാര്യനാണ് സ്വാമി ഉദിത് ചൈതന്യയെന്നും ഇവര്‍ വ്യക്തമാക്കി. ഭാഗവത പാരായണം, പ്രഭാഷണം, പ്രധാന കഥാസന്ദര്‍ഭങ്ങളുടെ പ്രത്യക്ഷാ അവതരണം, സാംസ്കാരിക സമ്മേളനം, പ്രതിഭ സംഗമം, കലാപരിപാടികള്‍, കാര്‍ഷീക സംഗമം, ഗുരുവന്ദനം, മാതൃ-വനിത സംഗമം, ആദരപര്‍വ്വം എന്നിങ്ങനെ വൈവിദ്യമാര്‍ന്ന പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. യജ്ഞാരംഭ ദിവസം മൂവാറ്റുപുഴ കുമാര ഭജന ദേവസ്യം ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിക്കുന്ന കൃഷ്ണ വിഗ്രഹം സപ്താഹ വേദിയില്‍ പ്രതിഷ്ഠിക്കുന്നതോടെ ചൈതന്യാമൃതത്തിന് തുടക്കമാകും. തുടര്‍ന്ന് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനവും ഉണ്ടാകും. സപ്താഹ നാളുകളില്‍ ഭക്തര്‍ക്കായി വഴിപാട്, നിവേദ്യം, പ്രസാദ വിതരണം വിവിധ പൂജകള്‍ എന്നിവയ്ക്കും സൗകര്യം ഒരുക്കും.


