ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ മലയാളി കാര്‍യാത്രികരെ ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോണടിച്ചതില്‍ പ്രകോപിതരായാണ് ബൈക്ക് യാത്രികര്‍ മലയാളികള്‍ക്കുനേരെ തിരിഞ്ഞത്. സംഭവത്തില്‍ രവീന്ദ്ര, ഗണഷ്കുമാര്‍, കേശവ് എന്നിവരെ അറസ്റ്റ്ചെയ്തു.കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഡി.എസ്.ആര്. റിവെരിയ അപ്പാര്‍ട്ട്മെന്റില്‍നിന്ന് വര്ത്തൂരിലേക്കുള്ള റോഡിലായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ഇരുചക്രവാഹനങ്ങളിലെത്തിയ കുറച്ചുപേര്‍ കാറിന്റെ മുന്നില്‍ കയറി തടസ്സം സൃഷ്ടിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് കാര്‍ ഡ്രൈവര്‍ ചോദിച്ചപ്പോള്‍ പ്രതികള്‍ അക്രമസ്വഭാവത്തോടെ അടുത്തെത്തി ഹോണ്‍ അടിച്ചതിനെക്കുറിച്ച് ചോദിച്ചു. തുടര്‍ന്ന്, കാറില്‍ അടിക്കുകയും സ്കൂട്ടര്‍ കൊണ്ടുവന്ന് ഇടിപ്പിക്കുകയും ചെയ്തു. ഇതോടെ മലയാളികള്‍ കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്ത് എതിര്‍പാതയിലേക്ക് തിരിഞ്ഞ് അപ്പാര്ട്ട്മെന്റിലേക്കുപോയി. പിന്നാലെ അക്രമികളും അപ്പാര്‍ട്ട്മെന്റിലെത്തി.
തുടര്‍ന്ന് കാറില്‍ ഇടിക്കുകയും അതിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കാര്‍ യാത്രക്കാരുടെ പരാതിയില്‍ വര്‍ത്തൂര്‍ പോലീസ് കേസെടുത്തു.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയിലും അപ്പാര്‍ട്ട്മെന്റിലെ സി.സി.ടി.വി. ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒട്ടേറെ പേരാണ് ബെംഗളൂരുവിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.