മൂവാറ്റുപുഴ: കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളിലെ അനധികൃത ഫിറ്റിങ്ങുകള്ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം മൂവാറ്റുപുഴ റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഫാന്‍സി ലൈറ്റുകള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങള്‍, കാഴ്ച മറക്കുന്ന വിധത്തില്‍ വാഹനങ്ങളില്‍ ഒട്ടിച്ചിട്ടുള്ള ചിത്രങ്ങള്‍, കൂളിംഗ് ഗ്ലാസ്സുകള്‍, ഫിലിം, വിന്‍ഡോ കര്‍ട്ടനുകള്‍, മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഗ്രാഫിക് ചിത്രങ്ങള്‍, അനധികൃത ഹാലജന്‍ ലൈറ്റുകള്‍, ബഹുവര്‍ണ്ണ റിഫ്ളക്ടറുകള്‍, കളര്‍ എല്‍.ഇ.ഡികള്‍, ഡി.ജെ.റൊട്ടേറ്റിംഗ് ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവ ഈമാസം 31നകം അഴിച്ച് മാറ്റേണ്ടതാണ്. വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍, ഹെഡ്ലൈറ്റുകള്, ടെയില്‍ ലാമ്പുകള്‍, എന്നിവ വ്യക്തമായി കാണത്തക്ക വിധം വാഹനങ്ങള്‍ നിരത്തിലൂടെ ഉപയോഗിക്കേണ്ടതാണ്. ഇതിന് വിപരീതമായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 56(4) പ്രകാരം റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.