ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു.തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്.
അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടം.അരിയല്ലൂരില്നിന്ന് ശിവഗംഗയിലേക്ക് പോവുകയായിരുന്ന ലോറി വഴിയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചായകുടിക്കാൻ ഇറങ്ങിയ മൂന്നു വാഹനങ്ങളായി സഞ്ചരിച്ച ശബരിമല തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്.
ചായക്കടയുടെ സമീപത്തുതന്നെ പോലീസ് സ്റ്റേഷന് ഉണ്ടായിരുന്നതിനാല്‍ പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.അഞ്ച് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.


