ചെന്നൈ: തമിഴ്നാട്ടില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനിയായ നിഖിത(19)യാണ് മരിച്ചത്. താംബരം എംസിസി കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് നിഖിത. ചൊവ്വാഴ്ച ഉച്ചയോടെ ഗുരുവായൂര്‍ എക്സ്പ്രസ് തട്ടിയാണ് അപകടം നടന്നത്.
ഇരുമ്പുലിയൂരിലെ സ്വകാര്യ നഴ്സറി സ്കൂളില്‍ പാര്‍ട്ട് ടൈം ടീച്ചറായി നിഖിത ജോലി ചെയ്തിരുന്നു. ഇവിടേക്ക് പോകാനായി ഇറങ്ങിയ നിഖിത പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ഹെഡ്ഫോണില് സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടന്നപ്പോള്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


