മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകളും ചുമത്തും.
ആന്‍സണ്‍ റോയി ലഹരിക്കേസ് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. വധശ്രമക്കേസും ഇയാള്‍ക്കെതിരേയുണ്ട്. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടെന്നും പോലീസുകാര്‍ പറയുന്നു.
പഠനത്തിനോ ജോലിക്കോ പോകാതെ ബൈക്കില്‍ കറങ്ങിനടക്കുന്നതാണ് ഇയാളുടെ പ്രധാനപരിപാടിയെന്നാണ് പോലീസുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം അപകടമുണ്ടാക്കിയ ബൈക്കില്‍ ചീറിപ്പാഞ്ഞ് പോകുന്ന ആന്‍സണെ അമിതവേഗത്തില്‍ വാഹനമോടിച്ചതിന് നേരത്തെ പിടികൂടിയിട്ടുണ്ടെന്നാണ് അനൗദ്യോഗികവിവരം. രൂപമാറ്റം വരുത്തിയതിന് ഇയാളുടെ ബൈക്ക് നേരത്തെ പിടിച്ചെടുത്തിരുന്നതായും പറയുന്നു.
പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നാണ് സംശയം. അതിനാല്‍, കഴിഞ്ഞദിവസം അപകടമുണ്ടായസമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ നിര്‍മല കോളേജിന് മുന്നില്‍വെച്ചാണ് അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് അതേ കോളേജിലെ ബി.കോം വിദ്യാര്‍ഥിനിയായ ആര്. നമിത(20) മരിച്ചത്. അപകടത്തില്‍ നമിതയ്ക്കൊപ്പമുണ്ടായിരുന്ന അനുശ്രീരാജ് എന്ന വിദ്യാര്‍ഥിനിക്കും പരിക്കേറ്റിരുന്നു. അനുശ്രീ ചികിത്സയിലാണ്.


