ആലപ്പുഴ: മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52) മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കരുവാറ്റ കെ വി ജെട്ടി ജങ്ഷനില്‍ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.
ആലിയയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും വരുന്ന സത്താറിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.