നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഖുശ്ബുവിനൊപ്പം ഭര്‍ത്താവ് സുന്ദറുമുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടം ഉണ്ടായത്.
കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. താന്‍ സുരക്ഷിതയാണെന്നും അപകടം മനപ്പൂര്‍വമെന്ന് സംശയിക്കുന്നതായും ഖുശ്ബു പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു ട്വീറ്റ് ചെയ്തു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരും. വേല് മുരുഗന് തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.


