ആലപ്പുഴ: റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി നിയന്ത്രണം വിട്ട് സ്കൂള്‍ ബസ് മറിഞ്ഞു. എടത്വ തായങ്കരിക്കു സമീപം ഇന്നുരാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. രാമങ്കരി സഹൃദയ സ്പെഷല്‍ സ്കൂളിന്റെ ബസ് ആണ് മറിഞ്ഞത്. ബസ് ജീവനക്കാരെ കൂടാതെ 12കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു. ഇവരില്‍ മൂന്നുപേരെ ചമ്പക്കുളം ഗവണ്മന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡ് സൈഡിലെ മെറ്റല്‍ കൂനയില്‍ നിന്നും മെറ്റല്‍ റോഡിലേക്കു പരന്നു കിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് സമീപത്തെ തോട്ടിലേക്ക് ബസ് മറിയാതിരുന്നത്.രാമങ്കരി, കണ്ടങ്കരി, തായങ്കരി പ്രദേശങ്ങളിലെ കുട്ടികളുമായി സ്കൂളിലേക്കു പോകുകയായിരുന്നു ബസ്. ഒരുവശം ചരിഞ്ഞു വീണതിനാല്‍ പല കുട്ടികളുടെയും തലയിടിച്ചു ചുണ്ടുപൊട്ടിയുമൊക്കെയാണ് പരിക്കേറ്റിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് വണ്ടി ഉയര്‍ത്തി മാറ്റി. രാമങ്കരി, എടത്വ, പോലീസും തകഴി, തിരുവല്ല , ചങ്ങനാശ്ശേരി എന്നീ യൂണിറ്റ് ഫയര്‍ഫോഴ്സുകളും അടക്കം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.