വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 43 പേർ ചികിത്സയിൽ തുടരുന്നന്നു. അതിൽ ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് പുറത്തെത്തിച്ചു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.പടുകൂറ്റൻ ഹോർഡിങ് അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, നടപടിയുണ്ടായില്ല.അതേസമയം നഗരത്തിലെ റെയിൽ – റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.