മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണ നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ബാല്‍ക്കണിയില്‍ നിന്നും കാല് വഴുതി വീണ പെണ്‍കുട്ടി താഴത്തെ നിലയില്‍ വിശ്രമിക്കുകയായിരുന്ന യുവാവിന്റെ മടിയിലേക്ക് വീണ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
നാലാം നിലയില്‍ നിന്നിരുന്ന ദേവാഷി സഹാനി എന്ന കുട്ടി ഒന്നാം നിലയില്‍ നിന്നും കാല് വഴുതി വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കവെയായിരുന്നു അപകടം. രാത്രി ഒമ്പത് മണിയോടെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ കുട്ടി വന്നു വീണത് താഴത്തെ നിലയിലായി ഇരുന്നിരുന്ന യുവാവിന്റെ മടിയിലേക്കായിരുന്നു.
ബാല്‍ക്കണിയിലെ നിര്‍മ്മാണ വസ്തുക്കളില്‍ തട്ടിയാണ് കുട്ടി താഴേക്ക് വീണത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ പരിക്കുപറ്റിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. യുവാവിനും ചെറിയ തോതില്‍ പരിക്കു പറ്റിയിരുന്നു.