കാഠ്മണ്ഡു: നേപ്പാളില്‍നിന്ന് മെക്സിക്കന്‍ പൗരന്മാരുമായി പറന്നുയര്‍ന്ന ടൂറിസ്റ്റ് ഹെലിക്കോപ്ടര്‍ എവറിസ്റ്റിന് സമീപം തകര്‍ന്ന നിലയില്‍ കണ്ടെത്തി. അപകടത്തില്‍ ഹെലിക്കോപ്ടറിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹവും തകര്‍ന്ന ഹെലിക്കോപ്ടറിന്റെ ഭാഗങ്ങളും മൂന്നുമണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തി. ആറുപേരാണ് കോപ്ടറില്‍ ആകെയുണ്ടായിരുന്നത്. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
സുര്‍കെ വിമാനത്താവളത്തില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഹെലിക്കോപ്ടര്‍, ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് എട്ടു മിനിറ്റിനകംതന്നെ ഹെലിക്കോപ്ടറില്നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടതായി ത്രിഭുവന്‍ വിമാനത്താവളാധികൃതര്‍ വ്യക്തമാക്കുന്നു. 9N-AMV (AS 50) എന്ന രജിസ്ട്രേഷനിലുള്ള ഹെലിക്കോപ്ടറാണ് തകര്‍ന്നത്.
മലമ്പ്രദേശമായ സോലുഖുംബു ജില്ലയിലെ ലാംജുരയിലാണ് കോപ്ടര്‍ തകര്‍ന്നത്. പ്രദേശത്തെ കുന്നിന്‍ചെരുവിലുള്ള ഒരു മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. അപകടത്തിന്റെ ശരിയായ കാരണം അറിയുന്നതിനായി ഒരന്വേഷണ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിഗ്നല്‍ നഷ്ടമായ ഉടന്‍തന്നെ ഹെലിക്കോപ്ടര്‍ കണ്ടെത്തുന്നതിനായി മറ്റു രണ്ടു കോപ്ടറുകളെ അയച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നതിനാല്‍ ഇവ ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോന്നു. കോപ്ടര്‍ തകര്‍ന്നുവീഴുന്നതിന്റെ വലിയ ശബ്ദം കേട്ടത് പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.


