കൊവിഡ് വാര്‍ഡിലെ താത്കാലിക നഴ്സ് അപകടത്തില്‍ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ താത്കാലിക നഴ്സ് ആയിരുന്ന ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെ മകന് ആഷിഫ് (23)ആണ് മരിച്ചത്. അവണൂര്‍- മെഡിക്കല്‍ കോളജ് റോഡ് വെളപ്പായയിലായിരുന്നു സംഭവം. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മുളങ്കുന്നത്തുകാവില്‍ നിന്ന് അവണൂരിലേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിന്‍ചക്രത്തില്‍ കയറിപ്പോകുകയായിരുന്നു.
ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഭവം നടന്ന ഉടന്‍ തന്നെ ആഷിഫിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാര്‍ച്ച് 16നാണ് താലൂക്ക് ആശുപത്രിയില്‍ നഴ്സായി ആഷിഫ് സേവനമനുഷ്ഠിച്ചു തുടങ്ങിയത്. 15 ദിവസത്തെ ശമ്പളം വാങ്ങാനായി കുന്നങ്കുളത്തേക്ക് തിരിച്ചതായിരുന്നു ആഷിഫ്. രണ്ട് ദിവസമായി അവധിയെടുത്തിരിക്കുകയായിരുന്നു. മെഡിക്കല്‍ കൊളജ് പ്രിന്‍സിപ്പല്‍ ഓഫീസ് ജീവനക്കാരി ഷെമീറയാണ് മാതാവ്. മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. സഹോദരി അജു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്.


