സെന്‍ട്രല്‍ കെനിയയിലെ ബോർഡിങ്ങ് സ്കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നയേരി കൌണ്ടിയിലെ ഹിൽസൈഡ് എൻഡാർഷ പ്രൈമറി സ്കൂളിലുണ്ടായ അഗ്നിബാധയേക്കുറിച്ച് അന്വേഷണം നടക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. അന്വേഷണ സംഘത്തെ സ്കൂളിൽ നിയോഗിച്ചതായാണ് പൊലീസ് പ്രതികരിച്ചിട്ടുള്ളത്.
വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്കൂളില്‍ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.ഞെട്ടിക്കുന്നതും അതിദാരുണവുമാണ് അഗ്നിബാധയെന്നാണ് സംഭവത്തേക്കുറിച്ച് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ടും വില്യം റൂട്ടോ തേടിയിട്ടുണ്ട്. സംഭവത്തിൽ കാരണക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും വില്യം റൂട്ടോ എക്സിൽ വിശദമാക്കി. തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ കത്തിക്കരിഞ്ഞാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കുമുള്ളതെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇനിയുെ മൃതദേഹങ്ങൾ കണ്ടെത്താനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.