ബാലസോർ: ഒഡിഷയിൽ തീവണ്ടികൾ പാളംതെറ്റി 120 പേർ മരിച്ചു. 800-ലേറേ പേർക്ക് പരിക്കേറ്റു. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്നു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ്, ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
ഒഡിഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗബസാറിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിൽ ഇടിച്ചുമറിഞ്ഞു. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചതായാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
കോറമണ്ഡൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയിൽവേ വക്താവ് അമിതാഭ് ശർമ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ബോഗികൾക്കുള്ളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സമീപത്തുള്ള ആശുപത്രികൾക്ക് ജാഗ്രതാനിർദേശം നൽകി. അപകടസ്ഥലത്തേക്കുപോകാൻ റവന്യൂമന്ത്രി പ്രമിളാ മാലിക്കിനോട് മുഖ്യമന്ത്രി നവീൻ പട്നായിക് ആവശ്യപ്പെട്ടു.
ദുരന്തനിവാരണതീവണ്ടികൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. ഒഡിഷ ദുരന്തനിവാരണസേനയുടെ നാലുയൂണിറ്റും ദേശീയ ദുരന്തനിവാരണസേനയുടെ മൂന്നുയൂണിറ്റും അറുപതോളം ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും അദ്ദേഹം ട്വീറ്റുചെയ്തു. രക്ഷാപ്രവർത്തനത്തിന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.


