കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ യുവ സിനിമാനടന് ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരം. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. അതിഥി തൊഴിലാളികള്‍ താമസിച്ചരുന്ന മേക്കടമ്പ് പള്ളിത്താഴത്ത് കൊങ്ങണത്തില്‍ ജോയിയുടെ കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. വാളകം സ്വദേശികളായ നിധിന് (35) അശ്വിന് (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. സംഭവ സ്ഥലത്തു തന്നെ മൂവരും മരിച്ചു. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന് ബെന്‍സില്‍.
ലിതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവര്‍. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍. കെട്ടിടത്തിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. അപകട സമയം കാറിലുണ്ടായിരുന്നത് അഞ്ച് പേരാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.


