മൂവാറ്റുപുഴ : മൂവാറ്റുപുഴ തേനി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ആയവന ഏനാനല്ലൂര്‍ സ്വദേശി പോത്തനമുഴിയില് ബിജു വിന്‍സെന്റാണ് മരണമടഞ്ഞത്. രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തഴുവംകുന്നിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് കൊടുംവളവില്‍ റോഡിനു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. റോഡില്‍ നിന്നും 50 മീറ്റര്‍ താഴെയാണ് ബിജുവും, ബൈക്കും കിടന്നത്. രാത്രി ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. അപകട ഭീഷണി ഉയര്‍ത്തുന്നതാണ് ഇവിടുത്തെ കൊടും വളവ്്. കല്ലൂര്‍ക്കാട് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് ബിജുവിന്റ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.