ഇന്ത്യ വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 14, എല്ലാ വര്‍ഷവും വിഭജന ഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി. സാമൂഹിക വിഭജനം സമൂഹത്തില്‍ നിന്ന് തുടച്ച് നീക്കണമെന്നും മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരന്മാര്ക്ക് പലായനം ചെയ്യേണ്ടി വന്നു പലര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിഭജന ഭീതിയുടെ ഈ ഓര്‍മദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
വിഭജന ഭീതി ദിനം ആചരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. വിഭജന കാലത്തേ മുറിവുകള്‍ ഓര്‍മിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും എ.കെ. ആന്റണി കുറ്റപ്പെടുത്തി.


