അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ മിസോറം കേസേടുത്തു. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് അദ്ദേഹത്തിന് എതിരെ ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ടവർ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിർദേശിച്ചിരിക്കുന്നത്. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. അതേസമയം, മിസോറാം എം.പി ഉൾപ്പെടെയുള്ളവർക്ക് അസം പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.
അസം-മിസോറാം അതിർത്തി തർക്കത്തിന് താത്ക്കാലിക പരിഹാരമുണ്ടായിരുന്നു. അതിർത്തിയിൽ നിന്ന് പൊലീസിനെ പിൻവലിച്ച ശേഷം കേന്ദ്രസേനയെ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. ഇതിനിടെയാണ് പരസ്പം പ്രതികാര നടപടികളുമായി രണ്ട് സംസ്ഥാനങ്ങളും മുന്നോട്ടു പോകുന്നത്.


