കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കന്യാസ്ത്രീയും ഒന്നിച്ചു നില്ക്കുന്ന ചിത്രം പി.സി.ജോര്‍ജ് എം.എല്‍.എ ചോദിച്ചിരുന്നുവെന്ന് കാലടിയിലെ സ്റ്റുഡിയോ ഉടമ ആലുക്ക ഷാജോ ആലുവ റൂറല്‍ എസ്.പിക്ക് മൊഴി നല്കി. കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതിയെതുടര്‍ന്നാണ് സ്റ്റുഡിയോ ഉടമയെ വിളിച്ചുവരുത്തി എസ്.പി ചോദ്യം ചെയ്തത്. കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യകുര്‍ബാന ചടങ്ങിന്റെ സി.ഡി പി.സി ജോര്‍ജ് ചോദിച്ചുവെങ്കിലും നല്‍കിയില്ലെന്ന് ഷാജോ പറഞ്ഞു. സഹോദരിയുടെ പരാതിയെ തുടര്‍ന്ന് കാലടി പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സി.ഐ. സജി മര്‍ക്കോസ് സ്റ്റുഡിയോ ഉടമയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.
ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ഫോട്ടോയും സി.ഡിയും കൊടുത്തുവിടണമെന്ന് എറണാകുളം ഐ.ജിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. അതിന് പ്രകാരം പിറ്റേന്നു രാവിലെ സ്റ്റുഡിയോയിലെ ഒരു സ്റ്റാഫിന്റെ കൈയില്‍ ഇത് കൊടുത്തുവിട്ടു. ഇതിനു മുമ്ബ് പി.സി. ജോര്‍ജ് തന്നെ വിളിക്കുകയും കോട്ടയത്ത് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോട്ടയത്തെത്തിയപ്പോള്‍ അവിടെ നടക്കുന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സമ്മതിച്ചില്ലെന്നും ഷാജോ എസ്.പിക്ക് നല്കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ കാലടിയിലെ സ്റ്റുഡിയോയില്‍ നിന്ന് ആദ്യകുര്ബാനയുടെ ഫോട്ടോയും സിഡിയും പി.സി. ജോര്‍ജ് കൊണ്ടുപോയതായി കന്യാസ്ത്രീയുടെ സഹോദരി കാലടി സി.ഐ. സജി മര്ക്കോസിന് നല്കിയ പരാതിയില്‍ പറയുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഫോട്ടോകള്‍ മാറ്റിയതെന്നാണ് സഹോദരിയുടെ ആരോപണം. 2014 മേയ് ആറിനായിരുന്നു സഹോദരി പുത്രന്റെ ആദ്യകുര്‍ബാന സ്വീകരണം. ഇതിന്റെ തലേദിവസമാണ് കുറവിലങ്ങാട് മഠത്തില്‍വച്ച് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചടങ്ങിന്റെ ഫോട്ടോകള്‍ പൊലീസ് സ്റ്റുഡിയോ ഉടമയില്‍ നിന്ന് വാങ്ങിയിരുന്നു. ഫോട്ടോഗ്രാഫറെ സാക്ഷിയാക്കുകയും ചെയ്തു.