സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്. ബെന്നി ബെഹനാന് എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്കിയ പരാതി, തൃക്കാക്കര എംഎല്‍എ പി ടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം, കമ്പനി മാനേജ്മെന്റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.- രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കിറ്റക്സില്‍ ഏതാനും പരിശോധനകള്‍ നടന്നതിനെ തുടര്‍ന്ന് അത് കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയുണ്ടായി. ഇത് സംബന്ധിച്ച പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതോടൊപ്പം തന്നെ മറ്റ് വകുപ്പുകളുടെയും വിശദമായ റിപ്പോര്‍ട്ട് തേടുകയും ഉണ്ടായി. അതിന്റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗവും നടന്നു.
കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നല്‍കാതെ കമ്പനി മാനേജ്മെന്റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി. കിറ്റക്സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി. ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കിറ്റക്സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകും- മന്ത്രി പറഞ്ഞു.


