വിഴിഞ്ഞം: തിരുവനന്തപുരത്ത് നിന്നും വ്യാജ കോവിഡ് ഗുളികകൾ പിടിച്ചെടുത്തു. പൂവാറിലെ നിരോഷ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ പരിശോധനയിലാണ് 35 ഓളം വ്യാജ ഗുളികകൾ പിടിച്ചെടുത്തത്. കൊറോണ രോഗത്തിനുള്‍പ്പെടെ വില്‍പ്പന നടത്തി വന്ന ഫവി പിരാവര് 400 എന്ന വ്യാജ ഗുളികയാണ് ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് കണ്ടെടുത്തത്.
ഹിമാചല്‍ പ്രദേശ് കേന്ദ്രമാക്കി കൊവാലന്റ് എന്ന കമ്ബനി നിര്‍മാണം നടത്തുന്ന ഈ ഗുളിക ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്താണ് ഇവിടെ എത്തിച്ചത്. ഇത്തരത്തില്‍ 60 ഗുളിക വില്‍പ്പനയ്ക്ക് വേണ്ടി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ഗുളികയ്ക്ക് 129 രൂപ വിലയുണ്ട്.
ഇരുപത്തിയഞ്ചോളം ഗുളികകൾ ഇതിനോടകം വില്പന നടത്തിയതായാണ് ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് നടത്തിയ പരിശോധയില്‍ തെളിഞ്ഞത്. ഗുജറാത്ത് കേന്ദ്രമാക്കി നേരത്തെ നടത്തിയ പരിശോധനയിലാണ് ഫവി പിരാവര് 400 എന്ന ഗുളിക വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുളിക കേരളത്തിലും എത്തിയതായി വിവരം ലഭിച്ചത്. മെഡിക്കല്‍ സ്റ്റോര്‍ ഉടമക്കെതിരെ കേസെടുത്തിയിട്ടുണ്ട്.


