പായിപ്ര: പായിപ്ര ഗ്രാമപഞ്ചായത്ത് 21 ആം വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ്, 22 ആം വാര്‍ഡ് മെമ്പറും പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ എംസി വിനയന് എന്നിവര്‍ മെയ് മാസത്തെ ഓണറേറിയം ലോക്ക് ഡൗണ്‍ മൂലം തങ്ങളുടെ വാര്‍ഡില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു.
കോവിഡ് 19 രണ്ടാം തരംഗം ആരംഭിച്ചതു മുതല്‍ ഈ രണ്ട് ജനപ്രതിനിധികളും മാതൃകാപരമായ പ്രവര്‍ത്തനവുമായി ആണ് മുന്നോട്ട് പോകുന്നത്. കോവിഡ് രോഗികളുടെ വീടുകളില്‍ സുമനസുകളുടെ സഹായത്തോടു കൂടി അവശ്യ സാധങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുക യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മറ്റിയുടെ സഹായത്തോടു കൂടി കോവിഡ് ബാധിത കുടുംബങ്ങളില്‍ അണുനശീകരണം നടത്തുക, രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വാഹന സൗകര്യം ഒരുക്കുക വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും വഴിയും മരുന്നും മറ്റു സഹായങ്ങളും എത്തിക്കുക എന്നിങ്ങനെ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വഴി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു രണ്ടു ജനപ്രതിനിധികളും.
ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം കൂലിപ്പണിക്കാരായ അനവധി ആളുകള്‍ പണിക്ക് പോകാന്‍ കഴിയാതെ നിത്യോപയോഗ സാധനങ്ങള്‍ക്കും, മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തെ ഓണറേറിയം വാര്‍ഡിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും ഇതോടൊപ്പം മറ്റ് സുമനസുകളുടെ സഹായവും ഉള്‍പ്പെടുത്തി സേവനം പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എംസി വിനയന്, സുകന്യ അനീഷ് എന്നിവര്‍ അറിയിച്ചു.


