ഈരാറ്റുപേട്ടയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവര് പാറയില്‍ വാഹന പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. കൂക്കി വിളിച്ചവരോട് സൗകര്യമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
”സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ലെന്ന് ആരാ പറഞ്ഞത്? നിങ്ങള്‍ കൂവിക്കൊണ്ടിരിക്കും. ഞാന്‍ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാല്‍ ഞാന്‍ എംഎല്‍എയാണെന്ന് നീ ഓര്‍ത്തോ. നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാന്‍ എംഎല്‍എ ആയിട്ട് ഇവിടെ വരും. പേടിപ്പിക്കരുത്. കൂവി ഓടിച്ചാല്‍ ഓടുന്ന ഏഭ്യനല്ലടാ ഞാന്‍. നീയൊക്കെ മനസ്സിലാക്കാന്‍ പറയുകയാണ്. ഞാന്‍ ഏപ്രില്‍ ആറാം തിയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥി ആയിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യം ഉള്ളവര്‍ക്ക് തൊപ്പിയില്‍ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. അഞ്ചാം നമ്പരാണ്. അതുകൊണ്ട് വോട്ട് ചെയ്യണം.”- പിസി ജോര്‍ജ് പറഞ്ഞു.

കൂവല്‍ അധികരിച്ചതോടെ പിസി രോഷാകുലനായി. ”നിന്നെയൊക്കെ വീട്ടില്‍ നിന്ന് കാര്ന്നോമ്മാര് ഇങ്ങനെയാണ് പഠിപ്പിച്ചുവിടുന്നതെന്ന് ഞാന്‍ ഇപ്പഴാ അറിഞ്ഞത്. കാര്ന്നോമ്മാര് നന്നായാലേ മക്കള്‍ നന്നാവൂ. അതിനു വേണ്ടി ഞാന്‍ അള്ളാഹുവിനോട് ദുആ ചെയ്യാം, നീയൊക്കെ നന്നാകാന്‍ വേണ്ടി. വേറൊന്നും പറയുന്നില്ല. സൗകര്യമുണ്ടെങ്കില്‍ നീയൊക്കെ വോട്ട് ചെയ്താല്‍ മതി. ഇതാണോ രാഷ്ട്രീയം. എടാ, ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ലേ? എലക്ഷന് കമ്മീഷന് പരാതി നല്കിയാല് നീയൊക്കെ ജയിലില്‍ പോയി കിടക്കും, മനസ്സിലായോ. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തത്. മനസ്സിലായോ? വര്‍ത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നത്.
ഞാന്‍ ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്ന്നവനാടാ. ഞാന്‍ എവിടെ പോകാനാ. ഇവിടെത്തന്നെ കിടക്കും. മനസ്സിലായോ? നീയല്ല, ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല ഞാന്‍. ആര് കൂവിയാലും ഓടുന്നവനല്ല ഞാന്‍.”- പിസി കൂട്ടിച്ചേര്‍ത്തു. പിന്നീട് സഭ്യമല്ലാത്ത പദപ്രയോഗങ്ങളും അദ്ദേഹം നടത്തി. അതിനു ശേഷം ഒരിക്കല്‍ കൂടി വോട്ട് അപേക്ഷിച്ചതിനു ശേഷമാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


