ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 5 രൂപയുടെ തപാല്‍ സ്റ്റാമ്പില്‍ ഗുണ്ടാത്തലവന്മാരും. ഗുണ്ടാത്തലവന്മാരായ ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങളുള്ള 5 രൂപയുടെ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. ഗുണ്ടാത്തലവന്മാരുടെ ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയ സംഭവത്തില്‍ ഒരാളെ സസ്പെന്‍ഡ് ചെയ്തതായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവിച്ചത് ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്നാണ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വിനോദ് കുമാര്‍ വര്‍മ്മയുടെ വിശദീകരണം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്നും ജീവനക്കാര്‍ക്ക് എന്തുകൊണ്ടാണ് ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാന്‍ പറ്റാതിരുന്നതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ സ്റ്റാമ്പ്’ പദ്ധതി പ്രകാരം ആര്‍ക്കും 300 രൂപ അടച്ച് ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ സ്വന്തം ഫോട്ടോ വെച്ചും കുടുംബാംഗങ്ങളുടെ ഫോട്ടോ വെച്ചും തപാല്‍ സ്റ്റാമ്പ് തയ്യാറാക്കാം. ആ പദ്ധതിയുടെ ഭാഗമായി ആരോ ഈ ഗുണ്ടാത്തലവന്മാരുടെ ഫോട്ടോ കൈമാറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സെക്ഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതു അബദ്ധം സംഭവിക്കാന്‍ കാരണമായി. ഇരുവരുടെയും ഫോട്ടോ പതിച്ച 12 സ്റ്റാമ്പുകള്‍ വീതമാണ് പുറത്തിറക്കിയത്.


