ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള അലോപ്പതി ചികിത്സാരീതി തിരുവിതാംകൂറില്‍ ആരംഭിക്കുന്നത് 1811ല്‍ ഗൗരി ലക്ഷ്മിഭായിയുടെ കാലത്താണ്. ധര്‍മ്മാശുപത്രികള്‍ എന്ന പേരില്‍ തിരുവിതാംകൂറില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെടുന്നതും വിവിധയിടങ്ങളില്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതും പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷവും. 1876ലാണ് മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലൊന്നും തന്നെ ആലോപ്പതി ചികിത്സയില്ലാതിരുന്ന കാലത്ത്, ഏതാണ്ട് നൂറ്റിയന്‍പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവിതാംകൂറിന്റെ വടക്കന്‍ മേഖലയിലെ പ്രമുഖപട്ടണം എന്ന നിലയില്‍ തന്നെയാണ് ഇവിടെ ആശുപത്രി ആരംഭിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്.
മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍ എന്ന ഈ ലേഖന പരമ്പര തയ്യാറാക്കുന്ന മോഹന്‍ദാസ് ഇക്കുറി
മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ചാണ് എഴുതുന്നത്.
മണ്ഡപത്തും വാതിലുള്പ്പെടെയുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആരംഭിച്ചപ്പോള്‍ മൂവാറ്റുപുഴയെന്ന പുഴയോര നഗരത്തെ ഉയര്‍ന്ന പ്രാധാന്യത്തോടെ തന്നെയാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പരിഗണിച്ചത്. സംസ്ഥാനത്ത് അലോപ്പതി ആശുപത്രികള്‍ ആരംഭിച്ചപ്പോഴും ആ പതിവ് തെറ്റിയില്ല. സിവില്‍ ആശുപത്രിയെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഏറെ താമസിയാതെ തന്നെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തപ്പെടുകയായിരുന്നു നമ്മുടെ ആശുപത്രി. 1932ല്‍ തിരുവിതാംകൂറിന്റെ ആരോഗ്യവകുപ്പ് പുനഃസംഘടിപ്പിച്ചപ്പോള്‍ അല്പകാലം സര്‍ക്കാര്‍ ആശുപത്രി എന്ന് പേരായതൊഴിച്ചാല് ഏറെക്കാലവും ജില്ലാ ആശുപത്രി തന്നെയായിരുന്നു ഇവിടുത്തേത്. പുനഃസംഘടനയെ തുടര്‍ന്ന് നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവ മാത്രം ജില്ലാ ആശുപത്രികളായി നാമകരണം ചെയ്യപ്പെട്ടപ്പോള്‍ മറ്റിടങ്ങളിലെ ആശുപത്രികള്‍ സാധാരണ സര്‍ക്കാര്‍ ആശുപത്രികളായും സര്‍ക്കാര്‍ ഡിസ്പെന്സറികളായും നാമകരണം ചെയ്യപ്പെട്ടു. പേരില്‍ പല മാറ്റങ്ങളും കാലക്രമത്തില്‍ വന്നപ്പോള്‍ താലൂക്ക് ആശുപത്രിയെന്നും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയെന്നുമൊക്കെ വിളിക്കപ്പെട്ട നമ്മുടെ ആശുപത്രി ഇന്ന് മൂവാറ്റുപുഴ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയാണ്. തിരുവിതാംകൂറിന്റെ ആരോഗ്യപരിപാലന നയരൂപീകരണത്തിന്റെയും നവീകരണത്തിന്റെയും ആരംഭകാലത്തോളം പഴക്കമുള്ള ആതുരസേവന കേന്ദ്രമാണ് മൂവാറ്റുപുഴയിലേത് എന്ന് നമുക്ക് അഭിമാനിക്കാം.
തിരുവിതാംകൂറില്‍ ആലോപ്പതിയുടെ ആരംഭം
വിദേശികള്‍ വരുന്നതിനുമുമ്പ് പാരമ്പര്യ വൈദ്യസമ്പ്രദായങ്ങളാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ആയുര്‍വേദമായിരുന്നു പ്രധാന ചികിത്സാരീതി. അലോപ്പതിയുടെ വരവോടെ കേരളത്തിലെ ചികിത്സാരീതി ആകെ മാറിമറിഞ്ഞു. തിരുവിതാംകൂറിന്മേല് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി നേടിയ മേധാവിത്വവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നാട്ടില്‍ വസൂരി പടര്‍ന്നുപിടിച്ചതും ഇംഗ്ലീഷ് വൈദ്യശാസ്ത്രശാഖ പ്രചാരത്തിലാകുന്നതിന് ആക്കം കൂട്ടി. ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥന്മാരെ ചികിത്സിയ്ക്കാന്‍ എത്തിയ അലോപ്പതി ഡോക്ടര്‍മാര്‍ പില്ക്കാലത്ത് രാജാവിന്റെയും രാജകുടുംബങ്ങളുടെയും ചികിത്സക്കായുള്ള ദര്‍ബാര്‍ ഫിസിഷ്യന്മാരായി നിയമിക്കപ്പെട്ടു. ഇവരാണ് തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വൈദ്യശാസ്ത്രവിഭാഗത്തിന് തുടക്കമിട്ടത്.
1819ലാണ് റാണി ഗൗരി പാര്‍വ്വതി ഭായി തിരുവനന്തപുരം, തൈക്കാട് ഒരു ചെറിയ ഇംഗ്ലീഷ് ഡിസ്പെന്‍സറി തുടങ്ങാന്‍ അനുവാദം നല്‍കുന്നത്. 1837ല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് തൈക്കാടുള്ള ആശുപത്രിയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ആരംഭിച്ചു. സ്വാതിതിരുനാളിന്റെ അനുജന് ഉത്രം തിരുനാള്‍ മഹാരാജാവ് ഇംഗ്ലീഷ് വൈദ്യത്തില്‍ അതീവ കമ്പക്കാരനായിരുന്നു. ഇംഗ്ലീഷ് വൈദ്യം പഠിച്ച് അദ്ദേഹം രോഗികളെ ചികിത്സിക്കുകയും ചെയ്തിരുന്നു. പഠനത്തിനായി അദ്ദേഹം ആനക്കൊമ്പില്‍ ഒരു മനുഷ്യ അസ്ഥികൂടത്തിന്റെ മാതൃക പോലും തയ്യാറാക്കിയിരുന്നു. വൈദ്യ ശാസ്ത്രത്തില്‍ ഉത്രം തിരുനാളിനുണ്ടായിരുന്ന അറിവ് ഈ രംഗത്തെ പുരോഗതിക്ക് കാരണമായി എന്നത് വാസ്തവമാണ്.
പിന്നീട് ആയില്യം തിരുനാള്‍ മഹാരാജാവാണ് 1864ല്‍ തിരുവനന്തപുരത്ത് സിവില്‍ ആശുപത്രി അഥവാ, ജനറല്‍ ആശുപത്രി തുടങ്ങിയത്. ശ്രീമൂലം തിരുനാളിന്റെ കാലത്ത്, 1866ല്‍ ആലപ്പുഴ ജില്ലാ ആശുപത്രിയും കോട്ടയം ജില്ലാ ആശുപത്രിയും നിലവില്‍ വന്നു. ഊളന്പാറ കുഷ്ഠരോഗാശുപത്രി 1896ലും, ഊളന്പാറ ഭ്രാന്താശുപത്രി 1903ലും, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണാശുപത്രി തുടങ്ങിയവ 1905ലുമാണ് സ്ഥാപിതമായത്. 1864ല്‍ തിരുവനന്തപുരത്ത് സിവില്‍ ആശുപത്രി ആരംഭിച്ചതിന് പിന്നാലെ കൊല്ലം, ആലപ്പുഴ, ചേര്‍ത്തല, കോട്ടയം, പീരുമേട്, മാവേലിക്കര, ചെങ്കോട്ട, നാഗര്‍കോവില്‍, പദ്മനാഭപുരം, കാര്‍ഡമം ഹില്‍സ് എന്നിവിടങ്ങളില്‍ അലോപ്പതി ചികിത്സ ആരംഭിച്ചു.
ഇതോടൊപ്പം തന്നെ വാക്സിനേഷന് രംഗത്തും വിസ്മയാവഹമായ പുരോഗതി തിരുവിതാംകൂറിലുണ്ടായി. ചികിത്സാരംഗത്തും ഗോവസൂരി വാക്സിനേഷന് ഉള്‍പ്പടെയുള്ള രോഗപ്രതിരോധകുത്തിവയ്പുകളുടെ മേഖലയിലും പരസ്പരപൂരകങ്ങളായ പുരോഗതി തിരുവിതാംകൂര്‍ നേടി. വാക്സിനേഷന് മേഖലയെക്കുറിച്ച് ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല.
മൂവാറ്റുപുഴയില്‍ ആശുപത്രി വരുന്നു
തിരുവിതാംകൂറിലെ അന്നത്തെ പ്രധാന പട്ടണങ്ങളില്‍ ആശുപത്രി ആരംഭിക്കാന്‍ തീരുമാനമായതിനെ തുടര്‍ന്ന് 1869-70ഓടെ കോട്ടാര്‍, ആലപ്പുഴ, കൊല്ലം, പാറശ്ശാല, മാവേലിക്കര എന്നിവിടങ്ങളില്‍ ആശുപത്രിക്കായുള്ള കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി. അതേ വര്‍ഷം തന്നെ മൂവാറ്റുപുഴ, ആലുവ, ചേര്‍ത്തല എന്നിവിടങ്ങളില്‍ ആശുപത്രി കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. മറ്റ് സര്‍ക്കാര്‍ ആഫീസുകള്‍ പുഴയുടെ സാമീപ്യമുള്ള ഉയര്‍ന്ന കുന്നുകളില്‍ സ്ഥാപിച്ചപ്പോള്‍ ആശുപത്രിയ്ക്കായി സര്‍ക്കാര്‍ കുറച്ചകലെയുള്ള, സുരക്ഷിതമായ ഇടമാണ് കണ്ടെത്തിയത്. 1871ല്‍ ആശുപത്രി കെട്ടിടനിര്‍മ്മാണത്തിനായി 2188 രൂപയും 1872ല്‍ 2041 രൂപയും 1873ല്‍ 66 രൂപയുമാണ് കെട്ടിടം പണിക്കായി സര്‍ക്കാര്‍ ചിലവാക്കിയത്. മൂന്ന്-നാല് കൊല്ലങ്ങള്‍ കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയായി. തിരുവിതാംകൂറിനെ ഭരണ സൗകര്യത്തിനായി പദ്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിങ്ങനെ നാല് ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ പദ്മനാഭപുരം ഡിവിഷനില്‍ നാലും, തിരുവനന്തപുരം ഡിവിഷനില്‍ പതിനൊന്നും, കൊല്ലം ഡിവിഷനില്‍ ഒന്‍പതും, കോട്ടയം ഡിവിഷനില്‍ ആറും ആശുപത്രികളാണ് 1890കളില്‍ പ്രവര്‍ത്തിച്ചിരുന്നത്. പലപ്പോഴും രാജഭരണകാലത്ത ധര്മ്മാശുപത്രിയെന്ന നിലയിലാണ് പലരും മൂവാറ്റുപുഴ ആശുപത്രിയെ പരാമര്‍ശിക്കാറുള്ളതെങ്കിലും ഇത് ഒരു ധര്മ്മാശുപത്രിയായിരുന്നില്ല. സിവില്‍ ആശുപത്രി എന്ന വിഭാഗത്തിലാണ് നമ്മുടെ ആശുപത്രി സ്ഥാപിതമായത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മോര്‍ച്ചറി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആദ്യകാലത്ത് തന്നെ ഇവിടെ ഉണ്ടായിരുന്നു. ഇന്നത്തെ സത്രം കോംപ്ലക്സിന്റെ പിന്നില്‍ നിന്നും പടിക്കെട്ടുകള്‍ കയറി ആശുപത്രിയിലേയ്ക്ക് കടക്കുന്നതിന് ഒരു വഴിയുണ്ടായിരുന്നു. അതിന് സമീപമായിരുന്നു പഴയ മോര്‍ച്ചറി.
ടി. ആര്. അപ്പാവുപിള്ള – മൂവാറ്റുപുഴയിലെ ആദ്യത്തെ അലോപ്പതി ചികിത്സകന്
മൂവാറ്റുപുഴ നഗരത്തിലെ ആദ്യത്തെ അലോപ്പതി ചികിത്സകന് ആരെന്ന ചോദ്യത്തിന് ടി. ആര്. അപ്പാവുപിള്ള എന്നാണ് ഉത്തരം. ബിരുദമില്ലാത്ത അലോപ്പതി ചികിത്സകനെയാണ് അപ്പോത്തിക്കരി എന്ന് വിളിച്ചിരുന്നത്. ഒരു ഫസ്റ്റ് ക്ലാസ്സ് അസിസ്റ്റന്റ് അപ്പോത്തിക്കരിയായിരുന്ന ടി. ആര്. അപ്പാവുപിള്ളയാണ് മൂവാറ്റുപുഴ സിവില്‍ ആശുപത്രിയിലെ ആദ്യ ചികിത്സകന്. മൂവാറ്റുപുഴയ്ക്ക് ആധുനീക ചികിത്സാരീതി പരിചയപ്പെടുത്തിയ ഇദ്ദേഹത്തെന്റെ നാമം മാറി വരുന്ന ആശുപത്രി അധികൃതരും നാട്ടുകാരും മറന്നുകൂടാത്തതാണ്. ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാവശ്യമായ എന്തെങ്കിലുമൊന്ന് നമ്മുടെ ആശുപത്രിയില്‍ ഉണ്ടാവേണ്ടതുമാണ്. ആശുപത്രി പ്രവര്‍ത്തനമാരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം കണക്കെടുത്തപ്പോള്‍, 1880-ല്‍ നാനൂറോളം ഇന്‍-പേഷ്യന്റ്സിനെയും നാലായിരത്തിലേറെ ഔട്ട്-പേഷ്യന്റ്സിനെയും ഇവിടുത്തെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. മഹാരാജാവിന്റെ ഫിസിഷ്യന്‍ എന്ന നിലയില്‍ ഒരു സര്ജന് ജനറല്‍, സൂപ്രണ്ട് ഓഫ് വാക്സിനേഷന് കൂടിയായിരുന്ന ഒരു അസിസ്റ്റന്റ് സര്ജന്, നാല് അസിസ്റ്റന്റ് സര്ജന്മാര്, നാല് അപ്പോത്തിക്കരിമാര്‍, ഒന്‍പത് ഫസ്റ്റ് ക്ലാസ്സ് അപ്പോത്തിക്കരിമാര്‍, എട്ട് സെക്കന്‍ഡ് ക്ലാസ്സ് അപ്പോത്തിക്കരിമാര്‍, ഏഴ് തേര്‍ഡ് ക്ലാസ്സ് അപ്പോത്തിക്കരിമാര്‍, കൂടാതെ ആറ് അപ്പോത്തിക്കരിമാര്‍ എന്നിങ്ങനെ രോഗ ചികിത്സകരായി നാല്‍പ്പത് പേര് മാത്രം തിരുവിതാംകൂര്‍ മെഡിക്കല്‍ സര്‍വീസില്‍ ഉള്ളപ്പോഴാണ് മൂവാറ്റുപുഴയിലെ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത് എന്നതും ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന വസ്തുതയാണ്.
അപ്പോത്തിക്കരിയും എല്‍. എം. പി.യും പിന്നെ എം.ബി.ബി.എസ്സും
ടി. ആര്. അപ്പാവുപിള്ളയെ തുടര്‍ന്ന്, എം. ഹമീദ് ഹുസൈന് സാഹിബ്, എസ്. ഇ. ഡി-ലെമോസ്, എം. മുത്തുസാമി പിള്ള, എന്‍. നിലകണ്ഠ പിള്ള, കോശി മത്തായി, സി. ജെ. വിയേറ, എ. അയ്യന് പെരുമാള്‍ പിള്ള, എം. സി. മാത്യു എന്നിവര്‍ അപ്പോത്തിക്കരിമാരായി ഇവിടെ സേവനം അനുഷ്ഠിച്ചു. ബിരുദമില്ലാത്ത, എന്നാല്‍ അലോപ്പതി ചികിത്സാരീതിയെക്കുറിച്ച് പ്രാഥമികമായ ധാരണയുള്ള ഈ അപ്പോത്തിക്കരിമാരാണ് നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് മരുന്നുകളുടെയും ഈ ചികിത്സാരീതിയുടെയും ആദ്യകാല പ്രചാരകര്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകം മുഴുവന്‍ ആധുനീക വൈദ്യശാസ്ത്രപഠനത്തിനും വൈദ്യവൃത്തിക്കും ഒരു പ്രത്യേക പദവിയും അംഗീകാരവും നേടിയെടുക്കുന്നതില്‍ അപ്പോത്തിക്കരിമാര്‍ ചെയ്ത സേവനങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. മൂവാറ്റുപുഴയില്‍ സേവനമനുഷ്ഠിച്ച അപ്പോത്തിക്കരിമാരില് എസ്. ഇ. ഡി-ലെമോസ്, സി. ജെ. വിയേറ എന്നിവര്‍ വിദേശികളായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

1912 മുതല്‍ എല്‍. എം. പി. – ലൈസന്‍ഷ്യേറ്റ് ഇന്‍ മെഡിക്കല്‍ പ്രാക്ടീസ് – പരീക്ഷ പാസ്സായവരാണ് ഇവിടെ ചികിത്സകരായി എത്തിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ചില യൂണിവേഴ്സിറ്റികള്‍ ഈ പരീക്ഷ നടത്തിയിരുന്നു. അഞ്ച് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയാണ് പരീക്ഷയ്ക്ക് ഇരിക്കുക. മൈസൂരിലും മദ്രാസിലുമാണ് എല്‍. എം. പി. കോഴ്സുകള്‍ പഠിപ്പിച്ചിരുന്നത്. ഇതേ സമയം എം. ബി. എന്ന ബിരുദവും അഞ്ച് വര്‍ഷ കോഴ്സിനൊടുവില്‍ നല്‍കിയിരുന്നെങ്കിലും പാഠ്യവിഷയങ്ങള്‍ വ്യത്യസ്തമായിരുന്നത്രെ. എന്തായാലും 1946ല്‍ രാജ്യത്താകമാനം മെഡിക്കല്‍ പഠനം എം. ബി. ബി. എസ്. എന്ന ഏകീകൃത കോഴ്സിലേയ്ക്ക് ചുരുക്കി. കെ. സി. ചാണ്ടി, എ. റ്റി. തോമസ്, കെ. റ്റി. തോമസ്, എന്‍. കെ. കൃഷ്ണപിള്ള, എല്‍. എ. രവി വര്‍മ്മ, ദസൗനാചാര്, എം. ഐ. പപ്പു, എന്‍. കൃഷ്ണപിള്ള, എസ്. രാമസ്വാമി അയ്യര്‍, കെ. കുരുവിള, കെ. എ. അറുമുഖം പിള്ള, വി. നാഗോജി റാവു, എ. എന്‍. മുത്തുസാമിപിള്ള, എല്‍. രാമകൃഷ്ണ അയ്യര്‍, വി. എം. കുര്യന്, എ. എം. മാത്യു, ടി. കെ. കുരുവിള തുടങ്ങിയവര്‍ ഇവിടെ പ്രാക്ടീസ് ചെയ്തിരുന്ന എല്‍. എം. പി. യോഗ്യതയുള്ള സര്ജന്മാരാണ്.
പില്ക്കാലത്ത് ഡോ. പൊതുവാള്, ഡോ. ഇലങ്കം, ഡോ. എം. ഒ. രാഘവന്, ഡോ. ജി. രാമന് നായര്‍, ഡോ. ജേക്കബ് തച്ചില്‍, ഡോ. സി. ജെ. എബ്രഹാം, ഡോ. എന്‍. ജെ. ജോസഫ്, ഡോ. മജീദ്, ഡോ. ചാണ്ടി പോള്‍, ഡോ. വി. തോമസ്, ഡോ. എ. വി. ഐസക്, ഡോ. റോസക്കുട്ടി ആന്റണി, ഡോ. ഏലിക്കുട്ടി തുടങ്ങിയവര്‍ ഇവിടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. ഇവരില്‍ ഡോ. ജേക്കബ് തച്ചില്‍, ഡോ. റോസക്കുട്ടി ആന്റണി എന്നിവര്‍ മുന്‍ മന്ത്രി പി.ജെ.ജോസഫിന്റെ ബന്ധുക്കളാണ്. കൂടാതെ ഡോ. എ. വി. ഐസക് മൂവാറ്റുപുഴ എം.എല്‍.എ. ആയിരുന്നു.
അല്പകാലം ഹോണററി ഡോക്ടര്‍മാര്‍ എന്നൊരു തസ്തികയും നിലവിലുണ്ടായിരുന്നു. രാവിലെയും വൈകുന്നേരവും ഒ. പി.യില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു അന്നത്തെ പൊതുവിലുള്ള രീതി. എന്നാല്‍ ഹോണററി ഡോക്ടര്‍മാര്‍ക്ക് രാവിലെ മാത്രം രോഗികളെ ആശുപത്രിയില്‍ പരിശോധിച്ചാല്‍ മതിയാകും. ഈ രീതി 1967-68 കാലത്ത് നിറുത്തലാക്കുകയായിരുന്നുവത്രെ. ഡോ. സി. വി. ജേക്കബ്, ഡോ. ഇട്ടിച്ചെറിയ എന്നിവര്‍ ഇവിടെ ഹോണററി ഡോക്ടര്‍മാരായി സേവനമനുഷ്ഠിച്ചവരാണ്.
മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ മകള്‍ ഡോ. റോസി ജോസഫ് മുണ്ടശ്ശേരി ഇവിടെ ജോലി ചെയ്തിട്ടുണ്ട്. സാഹിത്യകാരന് വൈശാഖന്റെ അമ്മയായ നാരായണിയമ്മ ഈ ആശുപത്രിയില്‍ മിഡ് വൈഫായിരുന്നു. അവരോടൊപ്പം ശോശാമ്മ, സരോജിനിക്കുഞ്ഞമ്മ എന്നിവരുടേയും പേരുകള്‍ പഴയ തലമുറയ്ക്ക് സുപരിചിതമാണ്. എഴുത്തുകാരനും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ ഭാര്യ വിലാസിനി നമ്മുടെ ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും അലോപ്പതി ചികിത്സ കൂടുതല്‍ പ്രചാരം നേടുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ ആശുപത്രി സമീപപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സ്ഥിതിയിലായി. പരിമിതമായ ചികിത്സാസൗകര്യങ്ങളിലും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാതെ തന്നെ ഒട്ടുമിക്ക കേസുകളും ഇവര്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. അത്യാധുനീക ഓപ്പറേഷന് തിയേറ്ററുകളോ സഹായസംവിധാനങ്ങളോ ഇല്ലാതെ ഇവരുടെ തലമുറ ചെയ്തുകൂട്ടിയത് ആയിരക്കണക്കിന് കേസുകളാണ്. സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നുപോലും റഫര്‍ ചെയ്യുന്ന കേസുകള്‍ ഇവിടെ സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്നുവത്രെ. വ്യത്യസ്ത വിഭാഗങ്ങള്‍ എല്ലാം തന്നെ ഇവിടുത്തെ ഒന്നോ രണ്ടോ ഡോക്ടര്‍മാരുടേയും അനുഭവസമ്പന്നരായ മെഡിക്കല്‍ സ്റ്റാഫിന്റെയും കരങ്ങളില്‍ സുരക്ഷിതമായിരുന്നു. അറുപതുകളില്‍ ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറുമെന്ന രീതി നിലവില്‍ വന്നു. ഡോക്ടര്‍മാര്‍ ഇല്ലാതെ, ഒരു നഴ്സ് മാത്രം നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന അക്കാലത്ത് ഒരു അറ്റന്‍ഡറുടെ സഹായത്തോടെ ആത്മവിശ്വാസത്തോടെയാണ് സ്റ്റാഫ് ജോലി ചെയ്തിരുന്നത്.
പേ-വാര്‍ഡ് വരുന്നു
1939ലാണ് ഇവിടുത്തെ പേ-വാര്‍ഡിന് തറക്കല്ലിടുന്നത്. 1939 നവംബര്‍ മാസം 10ന്, ഒരു ദീപാവലി ദിനത്തില്‍ നഗരത്തിലെ പൗരപ്രമുഖരെയെല്ലാം സാക്ഷിനിറുത്തി പേ-വാര്‍ഡിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഗംഭീരമായി നടത്തി. ഡോ. ടി. കെ. കുരുവിളയും കെ. സി. തോമസുമായിരുന്നു അന്നിവിടുത്തെ ഡോക്ടര്‍മാര്‍. പി. കെ. കുഞ്ഞന്‍, കെ. പി. ഫിലിപ്പ് (കംപൗണ്ടര്മാര്), എസ്. സൂസമ്മ (മിഡ് വൈഫ്), ടി. കെ. മാധവിക്കുട്ടിയമ്മ, കണ്ടമ്മ കോശി (നഴ്സുമാര്‍), എം. സാറാമ്മ (സിക്ക് നഴ്സ്) എന്നിവര്‍ പേ-വാര്‍ഡിന് തറക്കല്ലിടുമ്പോള്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നവരാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്. സി. പി. രാമസ്വാമി അയ്യരുടെ ഷഷ്ട്യബ്ധപൂര്‍ത്തി സ്മാരകമായാണ് ഇവിടുത്തെ പേ-വാര്‍ഡ് പണി തീര്‍ത്തത് എന്നതും കൗതുകം പകരുന്ന അറിവാണ്. ചരിത്രസ്മാരകമായി മാറേണ്ടിയിരുന്ന ‘സചിവോത്തമ സര്. സി. പി. രാമസ്വാമി അയ്യര്‍ ഷഷ്ട്യബ്ധപൂര്‍ത്തി മെമ്മോറിയല്‍’ എന്ന് ആലേഖനം ചെയ്ത ഫലകം ഇന്ന് നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ആശുപത്രി കെട്ടിടങ്ങളുടെ പൈതൃകം വിളിച്ചോതുന്ന തിരുവിതാംകൂറിന്റെ ശംഖ് മുദ്രകള്‍ പതിപ്പിച്ച ആശുപത്രി ഭിത്തികളും ഇന്ന് കണ്മുന്നിലില്ല. ഇവിടുത്തെ പേ-വാര്‍ഡിന് തറക്കല്ലിട്ടതിന്റെ തൊട്ടടുത്ത ദിവസം തറക്കല്ലിട്ട തിരുവനന്തപുരത്തെ സര്. സി. പി. ഷഷ്ട്യബ്ധപൂര്‍ത്തി സ്മാരക സത്രവും പൊളിച്ചു നീക്കിയത് ഈയടുത്തകാലത്താണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ സര്.സി. പി.യുടെ ഷഷ്ട്യബ്ധപൂര്ത്തിയോടനുബന്ധിച്ച് ഏതാണ്ട് ഇരുപത്തിയെട്ടോളം സ്മാരകങ്ങള്‍ പണികഴിപ്പിച്ചിരുന്നു. പെരുമ്പാവൂരില്‍ പുവര്‍ ഹോം, കോതമംഗലത്ത് മലയാളം സ്ക്കൂള്, തൊടുപുഴയില്‍ ടൗണ്‍ ഹാള്‍ എന്നിവയാണ് നമ്മുടെ അടുത്ത പ്രദേശങ്ങളില്‍ സര്. സി. പി. ഷഷ്ട്യബ്ധപൂര്‍ത്തി സ്മാരകമായി ശിലാസ്ഥാപനം നടത്തിയവ. ഈ കുറിപ്പിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം പേ-വാര്‍ഡിന്റെ തറക്കല്ലിടലിനോടനുബന്ധിച്ച് ഫലകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിന്റെ നേര്‍ക്കാഴ്ചയാണ്. ലേഖകന്റെ പിതാവിന്റെ ജ്യേഷ്ഠസഹോദരിയുള്പ്പടെയുള്ള ബന്ധുക്കള്‍ ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചവരുമാണ്. ചിത്രത്തിന്റെ വലത്തേ മൂലയില്‍ വിടര്‍ന്ന കണ്ണുകളോടെ നില്ക്കുന്ന പാവാടക്കാരി കാലം മായ്ക്കാത്ത ഓര്‍മ്മകളുമായി ഇന്ന് ജീവിത സായാഹ്നത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്. ചോദിച്ചാല്‍ മുത്തച്ഛന്റെ വിരലില്‍ തൂങ്ങി ചടങ്ങില്‍ പങ്കെടുത്ത ഓര്‍മ്മകള്‍ ആവേശത്തോടെ അവര്‍ പങ്കവയ്ക്കും.
വസൂരിപ്പൂത
വസൂരി രോഗബാധ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. രോഗം വന്നാല്‍ മരണം ഉറപ്പ്. പക്ഷേ, ഒരിക്കല്‍ രോഗം വന്ന് മാറിയാല്‍ പിന്നെ വസൂരി ബാധിക്കില്ല എന്നതിനാല്‍ ഇങ്ങനെയുള്ളവരാണ് വസൂരി രോഗികളുടെ പരിചരണം ഏറ്റെടുത്തിരുന്നത്. ഈ രോഗബാധിതരെ ആശുപത്രി കെട്ടിടത്തില്‍ താമസിപ്പിക്കുന്നതിന് പകരം പ്രത്യേകം താമസിപ്പിക്കുകയായിരുന്നു. ഇന്നത്തെ മുനിസിപ്പല്‍ ശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. ചികിത്സകൊണ്ട് രക്ഷപ്പെടാത്തവരെ അവിടെത്തന്നെ മരണശേഷം മറവ് ചെയ്തിരുന്നു. വസൂരി ബാധിച്ച് മരിച്ചയാളുകളുടെ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ മടിച്ചിരുന്ന കാലമായിരുന്നു അത്. വസൂരിപ്പൂതയെന്നും ആശുപത്രിപ്പൂതയെന്നുമൊക്കെ വിളിച്ചിരുന്ന ഈ സ്ഥലത്താണ് ആനാഥശവവങ്ങളെയും മറ്റും മറവ് ചെയ്തിരുന്നതും. ഭൂതം എന്നതിന്റെ മറ്റൊരു രൂപമാവണം പൂത എന്നത്. ഇന്നത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനെതിര്വശമുള്ള ഉയര്‍ന്ന പ്രദേശവും പിന്നില്‍ ഇന്ന് പോലീസ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പ്രദേശവുമൊക്കെ ഒരു നൂറ്റാണ്ട് മുന്‍പ് ആള്‍ത്താമസമില്ലാതെ, വനസമാനമായി കിടന്നിരുന്ന പ്രദേശങ്ങളായിരുന്നു. എന്തായാലും ആരും അടുക്കാന്‍ ഭയപ്പെട്ടിരുന്ന, ഭീതിയുളവാക്കിയ പ്രദേശം ഇന്ന് ആള്‍വാസമുള്ള, ജനസാന്ദ്രതയേറിയ സ്ഥലമായി മാറിക്കഴിഞ്ഞു.

വസൂരിപ്പൂതയെന്നറിയപ്പെട്ട സ്ഥലം ആശുപത്രിക്കായി പിന്നീട് വാങ്ങി. തുടര്‍ന്ന് അവിടെ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന രോഗികളെ താമസിപ്പിക്കാനായി ഐസൊലേഷന്‍ വാര്‍ഡ് എന്ന തരത്തില്‍ ഒരു കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. അക്കാലത്തെ നിര്‍മ്മാണശൈലിയില്‍ മികച്ചതെന്ന് എന്ന് തന്നെ പറയാവുന്ന കെട്ടിടമാണ് പണിതീര്‍ത്തത്. വസൂരി, ചിക്കന്‍പോക്സ് തുടങ്ങിയ അന്ന് പകര്‍ച്ചവ്യാധികളുടെ പട്ടികയിലുള്‍പ്പെട്ട രോഗികളെ ഈ വാര്‍ഡിലാണ് താമസിപ്പിച്ചിരുന്നത്. ആശുപത്രിയുടെ പ്രധാന കെട്ടിടത്തില്‍ നിന്നും ഭക്ഷണവും മരുന്നുമായി നഴ്സുമാര്‍ അവിടേയ്ക്ക് പോകും. 1964ല്‍ മെഡിക്കല്‍ സര്‍വ്വീസില്‍ പ്രവേശിച്ച്, നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച, മുന്‍ കൗണ്‍സിലര്‍ കൂടിയായ ശാന്ത ചന്ദ്രപ്പന് ഇവിടുത്തെ രോഗികളെ പരിചരിക്കാനും ഭക്ഷണം നല്കുന്നതിനുമായി പത്രോസ് എന്ന സഹായിയേയും കൂട്ടി പോയിരുന്നത് ഇന്നും ഓര്‍ക്കുന്നു. പ്രധാന ആശുപത്രിയ്ക്ക് അകലെ, വിജനമായ പ്രദേശമായിരുന്നതിനാല് തനിയെ പോകുന്നതിന് ധൈര്യപ്പെട്ടിരുന്നില്ലെന്ന് സമ്മതിക്കും ശാന്ത ചേച്ചി. കൂടാതെ ചെറുപ്പകാലം മുതല്‍ കേട്ടിട്ടുള്ള പൂതയെന്ന പേരുണ്ടാക്കുന്ന ഭീതിയും. വസൂരി രോഗത്തെ ഉന്മൂലനം ചെയ്തതോടെ ചിക്കന്‍പോക്സ് പോലുള്ള രോഗം ബാധിച്ചവരെ ഇവിടെ കിടത്തിയിരുന്നു. ഇത്തരം പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാവുകയും പൊതുവെ രോഗഭീതി കുറയുകയും ചെയ്തതോടെ ഇവിടുത്തെ കെട്ടിടം ഉപയോഗശൂന്യമാവുകയും ഉപേക്ഷിക്കപ്പെട്ട നിലയിലെത്തുകയും ചെയ്തു. പില്ക്കാലത്ത് ഈ കെട്ടിടം കോ-ഓപ്പറേറ്റിവ് കോളേജിനായി വിട്ടു നല്‍കുകയായിരുന്നു. ഇതിനോട് ചേര്‍ന്ന സ്ഥലത്താണ് ഇന്ന് മുനിസിപ്പല്‍ ശ്മശാനം പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയ്ക്ക് സമീപം ഡോക്ടര്‍മാര്‍ക്കായി രണ്ട് ക്വാര്‍ട്ടേഴ്സുകളും പണിതിരുന്നു. ഇത് ഇന്ന് പൊളിച്ചു നീക്കിയ നിലയിലാണ്.
കൃഷിയും അടുക്കളയും
ഇവിടുത്തെ ആശുപത്രിയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നതിനും ആദായമെടുക്കുന്നതിനുമുള്ള അവകാശം ലേലം ചെയ്ത് നല്‍കിയിരുന്ന കാലം അധികം അകലെയല്ല. സര്ജന് ജനറലായിരുന്നു ലേലം നടത്തിയിരുന്നത്. മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു ലേല കാലാവധി. ആശുപത്രി വളപ്പില്‍ നഴ്സിംഗ് സിസ്റ്റര്‍മാര്‍ക്ക് കൃഷിക്കായി വിട്ടു നല്കിയ സ്ഥലം ഒഴിച്ചാണ് കൃഷി ചെയ്യുന്നതിനും ആദായമെടുക്കുന്നതിനും അനുവദിച്ചിരുന്നത്. ഐസൊലേഷന്‍ വാര്‍ഡ് സ്ഥിതി ചെയ്തിരുന്ന പുരയിടവും ആശുപത്രിയ്ക്ക് തെക്ക് വശമുള്ള സ്ഥലവുമാണ് ഇത്തരത്തില്‍ കൃഷിയ്ക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ – പൂതയില്‍ – കൃഷി ചെയ്തിരുന്ന കപ്പ വാങ്ങാന്‍ ആവശ്യക്കാരില്ലായിരുന്നത്രെ. പുതയിലെ കപ്പ കഴിച്ചാല്‍ വസൂരി വന്നാലോ എന്ന് ജനം ഭയന്നിരിക്കും.
ആശുപത്രിയിലെ അടുക്കളയിലേയ്ക്ക് വാങ്ങിയ സാമഗ്രികളുടെ പട്ടിക അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അറിയുന്നത് കൗതുകകരമാണ്. മൂന്ന് പറ അരി വേവിക്കാന്‍ പാകത്തിനുള്ള ചെമ്പ്, കുട്ടകം, ചെരുവം, കലം, കുടം, ജഗ്ഗ്, കെറ്റില്‍, ചീനച്ചട്ടി, ചിരവ, കറിക്കത്തി, വാക്കത്തി, മമ്മട്ടി എന്നിവയാണ് ടെന്‍ഡര്‍ ക്ഷണിച്ച് ആശുപത്രിയ്ക്കായി വാങ്ങിയത്. ഏകദേശ ഭക്ഷണ രീതി മനസ്സിലാക്കുവാന്‍ ഈ വിവരങ്ങള്‍ പര്യാപ്തമായേക്കുമല്ലോ. രാവിലെ ബ്രഡ്ഡും പാലും മുട്ടയും, ഉച്ചയ്ക്ക് കഞ്ഞിയും പയറും പപ്പടവും, രാത്രി കഞ്ഞിയും പയറും എന്നിങ്ങനെയായിരുന്നു രോഗികള്‍ക്കുള്ള ഭക്ഷണ ക്രമം.
നഗരം മായ്ക്കുന്ന ചരിത്രസ്മാരകങ്ങള്‍
നഗരമധ്യത്തില്‍ പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന പഴയ ടൗണ്‍ ഹാളിന് മുന്നിലുണ്ടായിരുന്നു തിരുവിതാംകൂറിന്റെ ശംഖ് മുദ്ര ആലേഖനം ചെയ്ത എടുപ്പുകള്‍. കൂടാതെ, നിര്‍മ്മിച്ചവരുടെ പേരുകള്‍ കൊത്തിയ ചുമടുതാങ്ങികള്‍, കല്ലില്‍ കൊത്തിയ ദിശാസൂചികള്‍, മൈല്‍ കണക്കില്‍ ദൂരം രേഖപ്പെടുത്തിയ മൈല്‍ക്കുറ്റികള്‍, നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊതു ഓഫീസ് കെട്ടിടങ്ങള്‍, അഞ്ചല്‍പെട്ടികള്‍ എന്നിങ്ങനെ ചരിത്രപ്രാധാന്യമുള്ള നിര്‍മ്മിതികളുടെ പട്ടിക വലുതാണ്. കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളെ വീണ്ടുവിചാരമില്ലാതെ തച്ചുടയ്ക്കുന്നത് വരും തലമുറകളോട് ചെയ്യുന്ന നീതികേട് തന്നെ. സ്വന്തം നാടിന്റെ പൈതൃകം അറിയാതെ വളരുന്ന തലമുറ എങ്ങിനെ നാടിനോട് പ്രതിബദ്ധതയുള്ളവരാകും? വിനോദസഞ്ചാരത്തിന്റെ പേരിലെങ്കിലും നഗരത്തിലുണ്ടായിരുന്ന ഇത്തരം അടയാളങ്ങളെ കാത്തുവയ്ക്കാമായിരുന്നു.
ചരിത്രമെന്നത് കറുപ്പിലും വെളുപ്പിലും രേഖപ്പെടുത്തപ്പെടുന്നവയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഒന്ന്, സമ്പന്നമായ പൈതൃകത്തെ അടുത്തറിഞ്ഞ് വരും തലമുറയ്ക്ക് കൈമാറാനെങ്കില്, മറ്റൊന്ന് തങ്ങളുടെ പൂര്‍വ്വികരുടെ ചെയ്തികളും ദുരനുഭവങ്ങളും ആവര്‍ത്തിക്കാതിരിക്കാനാണ്. പാഠമാവണം രണ്ടും.
Mohandas Suryanarayanan, 9447112449


