സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. അതേസമയം, സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരുമാണെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനായാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
സ്വപ്നയ്ക്ക് ആവശ്യമായ സുരക്ഷ ജയിലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാന്‍ കഴിയൂ.
അതേസമയം, സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയില്‍ വകുപ്പ് രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും നിലപാട്. സ്വപ്നക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും തീരുമാനം. അതെ സമയം ജയിലിലിരിക്കെ പുറത്ത് വന്ന സ്വപ്നയുടെ ശബ്ദരേഖയിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നിലച്ചു.
സ്വര്‍ണക്കടത്തിലെ വന്മരങ്ങളെക്കുറിച്ച് മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ഋഷിരാജ് സിങ് നയിക്കുന്ന ജയില്‍ വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്. അതിനാല്‍ സ്വപ്നയുടെ പരാതി കള്ളമെന്നാണ് ജയില്‍ വകുപ്പിന്റെ വാദം. സ്വപ്ന അട്ടക്കുളങ്ങര വനിത ജയിലിലെത്തിയത് ഒക്ടോബര്‍ 14 നാണ്. മറ്റൊരു തടവുകാരിക്കൊപ്പമാണ് അന്ന് മുതല്‍ കഴിയുന്നത്.


